പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ ആലപ്പുഴ എസ്പിക്ക് ദേശീയ ബാലവകാശ കമ്മീഷന്റെ നോട്ടീസ്. ഈ മാസം 13ന് കമ്മീഷന് മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസ്. വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാകേണ്ടത്. കമ്മീഷന്റെ ആവശ്യപ്രകാരം എസ് പി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തില്‍ കേസെടുത്തെന്നും മുപ്പത് പേരെ അറസ്റ്റ് ചെയ്തെന്നും ആണ് മറുപടി നൽകിയിരുന്നത്. അതേസമയം, വിദ്വേഷ മുദ്രാവാക്യ കേസിനെ പ്രതിരോധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന നീക്കങ്ങളെ കര്‍ശനമായി നേരിടാനാണ് പൊലീസ് തീരുമാനം. കേസില്‍ ആദ്യഘട്ടത്തിലുണ്ടായ ജാഗ്രതക്കുറവ് ഗുരുതര പിഴവായി മാറിയ സാഹചര്യത്തിലാണ് സംഭവങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചനയടക്കംപൊലീസ് അന്വേഷിക്കുന്നത്. കോടതിയലക്ഷ്യ പ്രസംഗം നടത്തിയ പോപുലര്‍ ഫ്രണ്ട് നേതാവിനെ അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്ക് കൊണ്ടു വരുന്ന വഴിയിലുണ്ടായ പ്രതിഷേധം മുന്‍കൂട്ടി കാണുന്നതിലും പോലീസിന് വീഴ്ച പറ്റിയിരുന്നു. തൃശൂര്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ആലപ്പുഴയിലേക്ക് കൊണ്ടു പോകും വഴി ആലുവയിലാണ് പ്രതിഷേധമുണ്ടായത്. വഴിയില്‍ അഞ്ചിടത്ത് പ്രതിയുമായി പോയ വാഹനങ്ങള്‍ തടയാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു. പൊലീസിന്റെ നീക്കങ്ങളും റൂട്ടും മുന്‍കൂട്ടിയറിഞ്ഞ് അതിവേഗം പ്രതിഷേധക്കാരെ സംഘടിപ്പിച്ച് പോപുലര്‍ ഫ്രണ്ട് നടത്തിയ നീക്കം അതീവ ഗൗരവമായാണ് പൊലീസ് കാണുന്നത്. പ്രതിഷേധം മുന്നില്‍ കാണുന്നതില്‍ ഇന്റലിജന്‍സിനും വീഴ്ച പറ്റി. ചിലയിടത്ത് മുന്നോട്ട് പോകാനാകാതെ പത്ത് മിനിട്ടോളമാണ് പൊലീസ് വാഹനം വഴിയില്‍ കുടുങ്ങിയത്.
