പാർട്ടി മാറാൻ ഡിമാൻഡ് വെച്ച് കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ ജോണി നെല്ലൂർ. നഗരസഭാ ചെയർമാൻ സ്ഥാനവും സ്റ്റേറ്റ് കാറും നൽകിയാൽ എൽഡിഎഫിലേക്ക് വരാമെന്നാണ് ജോണി നെല്ലൂർ പറഞ്ഞത്. കേരള കോൺഗ്രസ് (എം) നേതാവ് എച്ച്. ഹഫീസുമായുള്ള ഫോൺ സന്ദേശമാണ് പുറത്തായത്. ബിജെപിയിലേക്ക് പോകാന്‍ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം ഫോൺ സംഭാഷണത്തിൽ സൂചിപ്പിക്കുന്നുണ്ട്.ന്യൂനപക്ഷ ചെയര്മാന്, കോഫി ബോര്‍ഡ് ചെയര്മാന്, സ്പൈസസ് ബോര്‍ഡ് ചെയര്മാന്, കേര വികസന കോര്പ്പറേഷന് ചെയര്മാന് തുടങ്ങിയ സ്ഥാനങ്ങളിലൊന്ന് ആരോ ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് ജോണി നെല്ലൂർ ഫോൺ സംഭാഷണത്തിൽ പറയുന്നത്. എന്നാൽ ഇത് ആരാണ് ഓഫർ ചെയ്തതെന്ന് സംഭാഷണത്തിൽ വ്യക്തമല്ല. മാത്യൂ സ്റ്റീഫനൊക്കെ കൂടെ പോവുകയാണെന്നും അവരെ ക്രോഡീകരിച്ച് പുതിയ സംവിധാനം ഉണ്ടാക്കിക്കൂടേയെന്നും ഹഫീസ് പറയുമ്പോൾ അത്തരത്തിൽ ബിജെപിയിൽ പോവാൻ തനിക്ക് താൽപ്പര്യമില്ലെന്നാണ് ജോണി നെല്ലൂർ പ്രതികരിക്കുന്നത്.
