എസ്.എസ്.എൽ.സി. പരീക്ഷയിൽ ജില്ലയ്ക്ക് 98.67 ശതമാനം വിജയം. പരീക്ഷയെഴുതിയ 34,497 പേരിൽ 34,039 പേർ ഉപരിപഠനത്തിന് അർഹരായി. 4106 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷം വിജയശതമാനം 99.16 ആയിരുന്നു. ഇത്തവണ വിജയിച്ചവരിൽ 17,230 ആൺകുട്ടികളും 16,809 പേർ പെൺകുട്ടികളുമാണ്.ജില്ലയിൽ വിജയശതമാനത്തിൽ 99.29 ശതമാനത്തോടെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയാണ് മുന്നിൽ. 10,755 പേർ പരീക്ഷയെഴുതിയ ഇവിടെ 10,679 പേർ ജയിച്ചു. ഇതിൽ 5,407 ആൺകുട്ടികളും 5,272 പെൺകുട്ടികളുമാണുള്ളത്. 10,611 പേർ പരീക്ഷയെഴുതിയ തിരുവനന്തപുരത്ത് 10,494 പേർ വിജയിച്ചു(98.9 ശതമാനം). ഇതിൽ 5183 ആൺകുട്ടികളും 5311 പെൺകുട്ടികളുമാണുള്ളത്. 13131 പേർ പരീക്ഷയെഴുതിയ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 12,866 പേർ ജയിച്ചു(97.98 ശതമാനം). ഇതിൽ 6640 ആൺകുട്ടികളും 6226 പെൺകുട്ടികളുമാണുള്ളത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ രണ്ടാമത്തെ സ്കൂൾ പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസാണ്. 1618 കുട്ടികൾ ഇവിടെ പരീക്ഷയെഴുതി. പേട്ട ജി.ജി.വി.എച്ച്.എസ്.എസ്. സ്കൂളിലാണ് ജില്ലയിൽ ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത്, രണ്ടുപേർ.
