തിരുവനന്തപുരം: നിയുക്ത തൃക്കാക്കര എം.എല്‍.എ ഉമ തോമസിന്റെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 11ന് നിയമസഭ സമുച്ചയത്തിലെ സ്പീക്കറുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ഉമ തോമസ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യും. പി.ടി തോമസിന്റെ നിലപാടുകള്‍ പിന്തുടരുമെന്ന് ഉമ തോമസ്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ജനങ്ങളുടെ അഭിപ്രായം മാനിച്ച് മുന്നോട്ടു പോകുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.പി.ടിയുടെ ഓര്‍മ്മകള്‍ തളംകെട്ടി നില്ക്കുന്ന തൃക്കാക്കരയുടെ മണ്ണില്‍ നിന്നും പി.ടി. പകര്‍ന്നു നല്കിയ നീതിയുടെയും നിലപാടിന്റെയും രാഷ്ട്രീയം ഉയര്‍ത്തി പിടിക്കാന്‍ പ്രതിജ്ഞാബദ്ധയാണെന്ന് ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ആറ് വര്‍ഷക്കാലം നിങ്ങളേവരും പി.ടിക്ക് നല്കിയ അളവില്ലാത്ത സ്നേഹവും പിന്തുണയും തുടര്‍ന്നും എനിക്കും നല്‍കണമെന്ന് ഈ അവസരത്തില്‍ അഭ്യര്‍ഥിക്കുകയാണ്.ഇക്കാലയളവില്‍ മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന നിലയില്‍ പി.ടിക്ക് വികസനത്തിനും ജനക്ഷേമത്തിനും ഊന്നല്‍ നല്കി കൊണ്ട് ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും തുടങ്ങിവെക്കാനും സാധിച്ചിട്ടുണ്ട്.വരുന്ന നാലു വര്‍ഷക്കാലവും ജനങ്ങളോടൊപ്പം ചേര്‍ന്നു കൊണ്ട് നാടിന്റെ സമഗ്രമായ വികസനത്തിനും ജനക്ഷേമത്തിനും മുന്‍ഗണന നല്കി പ്രവര്‍ത്തിക്കുമെന്ന് ഉമ തോമസ് വ്യക്തമാക്കി..
