കാന്‍സര്‍ പരിശോധന നടത്താനെത്തിയ ആളുടെ ശ്വാസകോശത്തില്‍ നിന്ന് ഈന്തപ്പഴക്കുരു പുറത്തെടുത്തു. കഴുത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശിയായ 75 കാരന് പരിശോധന നടത്തിയത്. കിംസ് ഹെല്‍ത്തിലെ ഡോക്ടര്‍മാരാണ് ഈന്തപ്പഴക്കുരു പുറത്തെടുത്തത്.നേരത്തെ നടത്തിയ പരിശോധനയില്‍ കഴുത്തിലെ മുഴ നട്ടെല്ലിനെ ബാധിച്ചിട്ടുള്ള കാന്‍സറാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ ചികിത്സയ്ക്കായി എടുത്ത പി.ഇ.ടി.സി.ടി സ്കാനിംഗിലാണ് ശ്വാസകോശത്തില്‍ മറ്റൊരു മുഴ കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടാം ഘട്ട പരിശോധന നടത്തി. കോശകലകളാല്‍ ഭാഗികമായി മൂടിയിരുന്ന മുഴയ്ക്ക് സമാനമായ വസ്തു ഈന്തപ്പഴക്കുരുവാണെന്ന് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റില്‍ നടത്തിയ ബ്രോങ്കോസ്കോപ്പിയിലൂടെയാണ് വ്യക്തമായത്. മൂന്നാഴ്ച മുമ്പ് ഭക്ഷണത്തിനിടെ അറിയാതെ ഉള്ളില്പോയതാണ് ഈ ഈന്തപ്പഴക്കുരു. തുടര്‍ന്ന് ബ്രോങ്കോസ്കോപ്പിയുടെ തന്നെ സഹായത്തോടെ ശ്വാസനാളികള്‍ക്ക് പരുക്കേല്‍ക്കാതെ ഈന്തപ്പഴക്കുരു വിജയകരമായി നീക്കം ചെയ്യുകയായിരുന്നു. ഈന്തപ്പഴക്കുരു പുറത്തെടുത്തതോടെ രോഗി അനുഭവിച്ചിരുന്ന ചുമയും മാറിക്കിട്ടി.
