മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് പഴകുറ്റി ശാരികയിൽ ഗുരു എന്ന ആദിത്യനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.വിൽപ്പനക്കായി കടത്തികൊണ്ടു വന്ന 2.86 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് വിൽക്കാൻ കൊണ്ടുവന്ന കെഎൽ47ജി 4104 എന്ന രജിസ്ട്രേഷനിലുള്ള കാറും എക്സൈസ് സംഘം പിടിച്ചെടുത്തു.“സേവ് ദി സ്പ്രിംഗ്’ എന്ന പേരിൽ നടപ്പിലാക്കിയ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിനിടെയാണ് പഴകുറ്റി എംടി ഹാളിന് മുൻവശത്ത് റോഡരികിൽ വച്ച് ഇയാൾ പിടിയിലായത്.നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്നു കേസിലും പ്രതിയാണ് ഇയാൾ. സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സുരൂപിനോടൊപ്പം പ്രിവന്റീവ് ഓഫീസർ വി. അനിൽകുമാർ, സിഇഒമാരായ നജിമുദീൻ, ഷജീം, മുഹമ്മദ് മിലാദ്, അധിൽ, ഡബ്ല്യൂസിഇഒ മഞ്ജുഷ, ഡിവിആർ മുനീർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
