എകെജി സെൻ്റർ ആക്രമണത്തിൽ സർക്കാരിനും സിപിഎമ്മിനുമെതിരെഅതിരൂക്ഷ വിമർശനവും പരിഹാസവുമായി പി.സി.വിഷ്ണുനാഥ്. ഭരണകക്ഷിയുടെ ആസ്ഥാനമന്ദിരമായ എകെജി സെൻ്റർ ആക്രമിക്കപ്പെട്ട് നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെ പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ലെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. സ്ഫോടക വസ്തു എറിഞ്ഞത് കോൺഗ്രസുകാരാണ് എന്ന് വരെ വരുത്തി തീർക്കാൻ സിപിഎം ശ്രമിച്ചെന്നും അതിൻ്റെ വ്യാപകമായ അക്രമം അഴിച്ചു വിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എകെജി സെന്റർ ആക്രമണത്തിൽ നിയമസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു വിഷ്ണുനാഥ്. പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയത്തിൽ ചർച്ചയാവാം എന്ന് മുഖ്യമന്ത്രി സമ്മതിച്ചതോടെയാണ് സഭനിർത്തിവച്ച് രണ്ട് മണിക്കൂർ നീളുന്ന ചർച്ചയ്ക്ക് സ്പീക്കർ അനുവാദം നൽകിയത്.
