സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ നടന്ന ബോംബേറ് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. സംസ്ഥാനത്ത് സംഘർഷം സൃഷ്ടിക്കാനുള്ള ഉദ്യേശമാണ് ഇതിന് പിന്നിൽ. സത്യസന്ധമായ അന്വേഷണത്തിലൂടെ പിന്നിൽ പ്രവർത്തിച്ചവരെയും ആസൂത്രണം നടത്തിയവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് കർശനമായ നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ വഴി തിരിച്ചു വിടാനുള്ള ശ്രമം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണക്കാരെ കണ്ടെത്തുന്നതുവരെ രാഷ്ട്രീയ – സാംസ്കാരിക നേതാക്കളും പ്രവർത്തകരും തെറ്റിദ്ധാരണകൾ പരത്തുന്ന പ്രസ്താവനകളിൽ നിന്ന് മാറി നിൽക്കണം.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നേതാക്കൾക്കും പാർട്ടി ഓഫീസുകൾക്കും നേരെ വെല്ലുവിളിയും ഭീഷണിയും ഉയർത്തുന്ന സാഹചര്യം കേരളീയ സാമൂഹ്യ അന്തരീക്ഷത്തെ കൂടുതൽ കലുഷിതമാക്കുകയാണ് ചെയ്യുക. ഇതിൽ നിന്ന് എല്ലാ പാർട്ടികളും അവരുടെ പ്രവർത്തകരെ തടയണം. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുകയും ജനങ്ങൾക്കിടയിൽ സൗഹാർദ്ദ അന്തരീക്ഷം നിലനിർത്തുന്നതിനും സംസ്ഥാന സർക്കാർ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

