വരുന്ന ഓണാഘോഷത്തിന് മുന്നോടിയായി വാമനപുരം എക്സൈസ് സംഘം റേഞ്ച് അതിർത്തിയിലെ പ്രദേശങ്ങളിൽ വ്യാപക പരിശോധനകൾക്ക് തുടക്കമിട്ടു. ഇന്നലെ നടത്തിയ റെയ്ഡുകളിൽ വെഞ്ഞാറമൂട് ജംഗ്ഷൻ കേന്ദ്രീകരിച്ച് അതിരാവിലെ മുതൽ തന്നെ മദ്യക്കച്ചവടം നടത്തിവന്ന തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വാമിയാർ മഠത്തിൽ സമീപം താമസിക്കുന്നു ശിവൻ എന്ന് വിളിക്കുന്ന ശിവകുമാറിനെ അറസ്റ്റ് ചെയ്തു കേസെടുത്തു. വെഞ്ഞാറമൂട് ജംഗ്ഷനിലുള്ള ചൈത്രം ആർക്കേഡ് കോംപ്ലക്സിലെ ഒരു ചെറിയ മുറി കേന്ദ്രീകരിച്ചാണ് പ്രതി മദ്യവിൽപന നടത്തിവന്നത്. ഉച്ചയോടു കൂടി നടത്തിയ പരിശോധനയിൽ കല്ലറ മുതുവിള നിശാഗന്ധി ജംഗ്ഷന് സമീപം താമസക്കാരിയായ മരം കേറി ഇന്ദിര എന്ന് വിളിക്കുന്ന ഇന്ദിരയെ വീട്ടിൽ വച്ച് മദ്യവിൽപ്പന നടത്തിവരവേ അറസ്റ്റ് ചെയ്തു കേസെടുത്തു. പ്രതികളിൽ നിന്നും 17 ലിറ്റർ മദ്യം 3000 രൂപ എന്നിവ പിടിച്ചെടുത്തു. മുതുവിള ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ രീതിയിൽ വിദേശമദ്യ വിൽപ്പന നടന്നു വരുന്നു എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ പ്രദേശങ്ങളിൽ എക്സൈസിന്റെ പ്രത്യേക നിരീക്ഷണം നടന്നു വരുന്നതിനിടയിലാണ് മദ്യവിൽപ്പന നടത്തവെ പ്രതി പിടിയിൽ ആവുന്നത്.കഴിഞ്ഞ മാസവും വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മുതുവിള ജംഗ്ഷനിൽ മദ്യ വില്പന നടത്തി വന്ന വികലാംഗനായ ചിന്തകൻ, മണിക്കൂർ എന്ന് വിളിക്കുന്ന സുനിൽകുമാർ എന്നിവരെ അറസ്റ്റ് ചെയ്തു കേസെടുത്തിരുന്നു. വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ ഉണ്ടാകുമെന്നും, വാമനപുരം റെയിഞ്ച് പ്രദേശത്തെ മദ്യ-മയക്കുമരുന്ന് വിപണനത്തെക്കുറിച്ചും മറ്റുമുള്ള പരാതികൾ 940069421, 0472-2837505 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കാമെന്നും എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഷാജി സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കുമാർ, ഹാഷിം, വനിത സിവിൽ എക്സൈസ് ഓഫീസർ ദീപ്തി എന്നിവർ പങ്കെടുത്തു.
