പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി എം.എൽ.എ അറസ്റ്റിൽ. തെലങ്കാന ബി.ജെ.പി എംഎൽഎ ടി രാജാ സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. രാജാ സിംഗിൻ്റെ പ്രസ്താവനകൾക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇയാൾക്കെതിരെ മതവിശ്വാസം വ്രണപ്പെടുത്തിയതിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
രാജാ സിംഗ് പ്രവാചകനെതിരെ അപകീർത്തി പരാമർശം നടത്തുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഹൈദരാബാദിൻ്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധം നടന്നു. ഇതിനെ തുടർന്നാണ് രാജാ സിംഗിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ തടസപ്പെടുത്താൻ ഇയാൾ ശ്രമിച്ചിരുന്നു. 50 അനുയായികൾക്കൊപ്പം വേദിയിലെത്താൻ ശ്രമിച്ച ഇയാളെ പൊലീസ് കരുതൽ തടങ്കലിൽ വച്ചിരുന്നു.
