കോവളം:അടിമലത്തുറയിൽ തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കോട്ടുകാലിലെ തീരപ്രദേശമായ അടിമലത്തുറ, അമ്പലത്തുമൂല പ്രദേശങ്ങളിലായി 9 പേരെയാണ് നായ ആക്രമിച്ചത്. പെട്ടെന്നു പാഞ്ഞെത്തിയ നായയാണ് രാവിലെ വീടിന് പുറത്ത് നിന്നവരെ കടിച്ചത്.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഭയന്ന് പലരും നിലവിളിച്ച് ഓടി. ഓടിയവരെ പിന്തുടർന്ന് എത്തിയും നായ ആക്രമിച്ചു. ഒരു നായതന്നെയാണ് എല്ലാവരെയും കടിച്ചത്. എല്ലാവരുടെയും കാലുകളിലാണ് കടിയേറ്റത്.
അമ്പലത്ത്മൂല അടിമലത്തുറ സ്വദേശികളായ ജോർജിന, ലില്ലി, സെൽവൊറി, തോമിനി, മാർട്ടിൻ , ജോസ്, ലൂസി, പത്രോസ്, കിച്ചു എന്നിവരെയാണ് നായ ആക്രമിച്ചത്. കടിയേറ്റ 4 പേർ ജനറൽ ആശുപത്രിയിലും ലൂസി മെഡിക്കൽ കോളജ് ആശുപത്രിയിലും ശേഷിച്ച നാലുപേർ പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി.
