പോത്തൻകോട്: പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറമുകളിൽ സദാചാര ഗുണ്ട ആക്രമണം. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. പാറമുകളിൽ സ്ഥലം കാണാൻ എത്തിയ പെൺകുട്ടികളെ നാട്ടുകാരൻ എന്നു പറഞ്ഞു ഒരുകൂട്ടം ആൾക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോത്തൻകോട് പോലീസ് കേസ് എടുത്തിട്ടുണ്ട്.
സുഹൃത്തിൻ്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണുവാൻ വേണ്ടി വെള്ളാണിക്കൽ പാറമുകളിൽ എത്തിയപ്പോഴാണ് ചിലർ ചോദ്യം ചെയ്തതും മർദ്ദിച്ചതും. വടി ഉപയോഗിച്ച് ക്രൂരമായാണ് മർദ്ദിച്ചതെന്നാണ് പെൺകുട്ടികൾ പറയുന്നത്. പെൺകുട്ടികളെ മർദ്ദിക്കുന്നതും അവർ നിലവിളിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാൽ പെൺകുട്ടികളെ മർദ്ദിച്ച വ്യക്തി വെള്ളാണിക്കൽ പാറമുകൾ നിവാസിയല്ല എന്നാണ് പാറമുകൾ സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നത്. പോത്തൻകോട് പഞ്ചായത്തിലെ ശ്രീനാരായണപുരം സ്വദേശിയായ മനീഷ് എന്ന വ്യക്തിയാണ് അക്രമി എന്നാണ് വിവരം. സംഭവം നടക്കുന്ന സമയത്ത് പാറമുകൾ സംരക്ഷണ സമിതി പ്രവർത്തകർ ആരും അവിടെ ഉണ്ടായിരുന്നില്ല. പുറത്തുനിന്നു എത്തിയ ഒരു വ്യക്തി കുട്ടികളെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു എന്നാണ് പറമ്പുകൾ സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നത്.
