തിരുവനന്തപുരം: പത്മനാഭ സ്തുതികളുമായി തടിച്ചു കൂടിയ നൂറു കണക്കിനു ഭക്തരെ സാക്ഷിയാക്കി ശ്രീ പത്മനാഭസ്വാമിക്കും നരസിംഹമൂർത്തിക്കും തിരുവമ്പാടി ശ്രീകൃഷ്ണനും ശംഖുംമുഖം കടവിൽ ആറാട്ട്. ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയതിനു പിന്നാലെ നടത്തിയ കൊടിയിറക്കു പൂജയോടെ പത്തു ദിവസം നീണ്ടു നിന്ന അൽപശി ഉത്സവത്തിനു സമാപനമായി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ആറാട്ടു ചടങ്ങുകൾ ആരംഭിച്ചത്. ഗരുഡ വാഹനങ്ങളിൽ ശ്രീ പത്മനാഭ സ്വാമി, നരസിംഹ മൂർത്തി, തിരുവാമ്പാടി ശ്രീകൃഷ്ണൻ എന്നീ മൂർത്തികളുടെ വിഗ്രഹങ്ങൾ ശിവേലിക്കു ശേഷമാണ് പടിഞ്ഞാറേ നടവഴി ആറാട്ടിനായി പുറത്തേക്ക് എഴുന്നള്ളിച്ചത്. ഇതിനു മുൻപ് പോറ്റിമാർക്ക് വാളും കോടിയും നൽകി. ഘോഷയാത്ര ക്ഷേത്രത്തിനു പുറത്തിറങ്ങിയതോടെ വായ്ക്കുരവകളും പത്മനാഭ സ്തുതികളും ഉയർന്നു. ഘോഷയാത്ര വിളംബരം ചെയ്ത് പെരുമ്പറകൾ കെട്ടിയ ആന മുന്നിൽ നടന്നു. കോൽക്കാർ, കുന്തക്കാർ, വാളേന്തിയ പടയാളികൾ, സായുധ പൊലീസ്, റവന്യു വകുപ്പ് ജീവനക്കാർ, അശ്വാരൂഢ സേന എന്നിവർ അകമ്പടിയായി. ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യവർമ, പ്രഫ.പി.കെ.മാധവൻനായർ, കുമ്മനം രാജശേഖരൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ ബി.സുരേഷ്കുമാർ, മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവരും എഴുന്നള്ളത്തിൽ പങ്കെടുത്തു. കൂപ്പുകൈകളും നാമപജപങ്ങളുമായി ഭക്തരുടെ സംഘവും യാത്രയെ അനുഗമിച്ചു. ആറാട്ടു റോഡിന്റെ ഇരുവശവും നിറപറയും നിലവിളക്കുമൊരുക്കി ഭക്തജനങ്ങളും നാട്ടുകാരും ഘോഷയാത്രയെ വരവേറ്റു.
