കാട്ടാക്കട: രാവിലെ ഗൃഹനാഥൻ ക്ഷീര സംഘത്തിൽ പോയ സമയം വീട്ടിൽ പ്രവേശിച്ച് പണവും രേഖകളും മോഷ്ടിച്ചു. ഉച്ചയോടെ പൊലീസ് പ്രതിയെ കുടുക്കി. ആനാകോട് നാക്കാര കിഴക്കുംകര പുത്തൻ വീട്ടിൽ ഭുവനചന്ദ്രൻ നായരുടെ വീട്ടിൽ രാവിലെ 6.30നും 7.30 നും മധ്യേയായിരുന്നു കവർച്ച നടന്നത്. പ്രതി നാക്കാര വാടകയ്ക്ക് താമസിക്കുന്ന വട്ടപ്പാറ സ്വദേശി അജിത്(24) നെ ഉച്ചയോടെ കാട്ടാക്കട പൊലീസ് പിടികൂടി.ഭുവനചന്ദ്രൻ നായർ ഒറ്റയ്ക്കാണ് താമസം. ക്ഷീര കർഷകനായ ഇദ്ദേഹം രാവിലെ പാൽ നൽകുന്നതിന് ക്ഷീര സംഘത്തിൽ പോയി. ഈ സമയം പ്രതി വീട്ടിൽ കയറി 16,000 രൂപ,ആധാരം,ബാങ്ക് പാസ് ബുക്ക്,മൊബൈൽ ഫോൺ എന്നിവ കവർന്നു. പ്രതി ഒരു വർഷമായി നാക്കാര യിൽ വാടകയ്ക്ക് താമസിക്കുന്നതായി പൊലീസ് പറഞ്ഞു. ഏഴു മണിയോടെ പ്രതി ഭുവനചന്ദ്രൻ നായരുടെ വീട്ടിൽ നിന്നും പോകുന്നത് പരിസരവാസി കണ്ടിരുന്നു.
