ചിറയിൻകീഴ്: മേൽപ്പാല നിർമ്മാണത്തിൻ്റെ ഭാഗമായി ചിറയിൻകീഴ് ബസ് സ്റ്റാൻഡിനോടു ചേർന്നു വർഷങ്ങൾക്കു മുൻപു ഗുരു വിശ്വാസികൾ സ്ഥാപിച്ചു ആരാധന നടത്തി വന്നിരുന്ന ഗുരുമന്ദിരം ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ്റെയും ഗുരുക്ഷേത്ര ഗുരുമണ്ഡപ ജില്ല സമിതി ഭാരവാഹികളുടേയും സാന്നിധ്യത്തിൽ സമീപത്തെ ആശുപത്രി വളപ്പിലേക്കു മാറ്റി സ്ഥാപിച്ചു. അരനൂറ്റാണ്ടിലേറെക്കാലമായി ബസ് സ്റ്റാൻഡിലെ വിവിധ രാഷ്ടീയ പാർട്ടികളിൽ പെട്ട തൊഴിലാളികളുടെ സൗഹാർദത്തിൻ്റേയും ഒരുമയുടേയും കേന്ദ്രമായിരുന്നു ഏറെ പഴക്കം ചെന്ന ഗുരുമണ്ഡപം.
റെയിൽവേ അധികൃതരുടേയും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.മുരളിയുടേയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണു മേൽപ്പാല നിർമാണം പൂർത്തിയാകും വരെ ഗുരു പ്രതിഷ്ഠയടക്കം സമീപത്തെ സ്വാമിജി ആശുപത്രി അങ്കണത്തിലേക്കു മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. നാട്ടിലെ വികസന പ്രവർത്തനങ്ങൾക്കു യാതൊരുവിധ തടസങ്ങളും സൃഷ്ടിക്കാൻ കൂട്ടുനിൽക്കേണ്ടതില്ലെന്നു ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും യോഗം ചേർന്നു ഐകകണ്ഠേന തീരുമാനം കൈക്കൊണ്ടിരുന്നു.
ഗുരുക്ഷേത്ര തന്ത്രി ചേർത്തല തിരുനെല്ലൂർ കാശിമഠത്തിൽ ബിജു പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ പൂജാവിധികൾ പൂർത്തീകരിച്ച ശേഷം ഗുരുവിഗ്രഹം വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുക്കണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തിൽ ആശുപത്രിയങ്കണത്തിൽ പ്രത്യേകമായൊരുക്കിയ പീഠത്തിൽ പുന:പ്രതിഷ്ഠ നിർവഹിച്ചു.മേൽപ്പാല നിർമാണം പൂർത്തിയാകുന്ന മുറയ്ക്കു ഗുരുമണ്ഡപം പുന:സ്ഥാപിക്കാൻ ഉചിതമായ സ്ഥലം അനുവദിക്കുമെന്നു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പഞ്ചായത്ത് പ്രസിഡൻ്റ് പി.മുരളി അറിയിച്ചു.
ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ, എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി,ഗുരുക്ഷേത്ര ഗുരുമണ്ഡപ സമിതി ജില്ല പ്രസിഡൻ്റ് ബൈജു തോന്നയ്ക്കൽ, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർ ഡി. ചിത്രാംഗദൻ, വനിതാ സംഘം യൂണിയൻ കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം, കൗൺസിലർമാരായ വത്സല പുതുക്കരി, ഉദയകുമാരി, പിആർഎസ്.പ്രകാശൻ, മനു അംബിളി, രഞ്ചീവ് കേളേശ്വരം, സരസൻ പുതുക്കരി, ലാൽ കോരാണി, കുഞ്ഞുമോൻ, ലാലു, മുരളി ഒറ്റപ്ലാമുക്ക്, എസ്എൻ ട്രസ്റ്റ് ബോർഡംഗങ്ങളായ വി.സിദ്ധാർഥൻ, ബാലാനന്ദൻ , ജിജു പെരുങ്ങുഴി എന്നിവർ നേതൃത്വം നൽകി.
