വിലപ്പിൽശാല: കള്ളിക്കാട് സി പി എം ലോക്കൽ സെക്രട്ടറി കള്ളിക്കാട് പറമ്പിൽ വീട്ടിൽ സുനിൽകുമാറിനെ വിലപ്പിൽശാല കുന്നുപുറത്ത് വെച്ച് ആക്രമിച്ച് കോലപ്പെടുത്താൻ ശ്രമിച്ചതിൽ മുഖ്യപ്രതികളിൽ ഒരാൾ കൂടി അറസ്റ്റിലായി. കുളത്തുമ്മേൽ വില്ലേജിൽ പൊന്നാറവിള വാർഡിൽ കിള്ളി പൊന്നാറ തെക്കേവിളാ കത്ത് വീട്ടിൽ പ്രേമ ചന്ദ്രൻ മകൻ 20 വയസ്സുള്ള അനന്തു ചന്ദ്രൻ ആണ് പോലീസ് പിടിയിൽ ആയത്. അനന്തു സജീവ ആർ എസ് എസ് പ്രവർത്തകനാണ്. ഒക്ടോബർ 19 ന് വൈകിട്ട് 7:50 മണിക്കാണ് സംഭവം നടന്നത്. സുനിൽ കുമാർ സഹോദരിയെയും കൊണ്ട് ബൈക്കിൽ വിലപ്പിൽശാല ഭാഗത്ത് നിന്നും പേയാടുള്ള സഹോദരി വീട്ടിലേക്ക് പോകുന്ന സമയം കുന്നുപുറത്ത് വെച്ച് മൂന്ന് പ്രതികൾ ബൈക്കിനെ തടഞ്ഞു നിർത്തി ഇരുമ്പ് കമ്പി കൊണ്ട് സുനിൽ കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സുനിൽ കുമാറിന്റെ ഇടത് കൈപ്പത്തിലെ എല്ലിനും വിരലുകളുടെ എല്ലിനും പൊട്ടലുണ്ടായി. കള്ളിക്കാട് അരുവിക്കുഴിയിൽ യുവാക്കൾ തമ്മിലുള്ള പ്രശ്നം ബി ജെ പി ഭരിക്കുന്ന കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് വഷളാക്കിയതിൽ സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രേതിഷേധിച്ചിരുന്നു. കൂടാതെ കാട്ടാക്കട വെച്ച് ബി ജെ പി പ്രവർത്തകരെ സി പി എം പ്രവർത്തകർ മർദിച്ചതുമാണ് പ്രതികളെ ചൊടിപ്പിച്ചത്. തുടർന്ന് സജീവ ആർ എസ് എസ് പ്രവർത്തകരായ പ്രതികൾ സുനിൽ കുമാറിനെ കൊലപെടുത്തുന്നതിനായി ഗുഡാലോചന നടത്തി വരുകയായിരുന്നു. സംഭവത്തിൽ സി സി റ്റി വി വഴിയാണ് പ്രതികളെ കണ്ടെത്താനായത്. നിലവിൽ സുനിൽ കുമാർ വധശ്രമകേസിൽ 7 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പ മേൽനോട്ടത്തിൽ കാട്ടാക്കട ഡി വൈ എസ് പി എസ് അനിൽ കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിലപ്പിൽശാല പോലീസ് ഇൻസ്‌പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ് സി പി ഒ മാരായ അഭിലാഷ്, ഷൈജു, പ്രജു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അനന്തു ഇന്ന് കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
