നെയ്യാറ്റിൻകര: അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ അഞ്ചുപേരിൽ ആലത്തൂർ നിവാസികളുട മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിച്ചു. മരണവാർത്തയറിഞ്ഞ ഷിജിൻദാസിൻ്റെ അമ്മുമ്മ സ്വർണ്ണമ്മ വാവിട്ട് കരഞ്ഞപ്പോൾ. മനുമോഹൻ (24), ഷിജിൻദാസ് (24), പ്രസാദ് (24) എന്നിവരുടെ ചേതനയറ്റ ശരീരങ്ങളാണ് വൈകുന്നേരത്തോടെ പെരുങ്കടവിള എത്തിച്ചത്. പെരുങ്കടവിള പഞ്ചായത്ത് കാര്യാലയത്തിൽ പൊതുദർശനത്തിന് വച്ച ഉറ്റ കൂട്ടുകാരുടെ മുഖം അവസാനമായി ഒരു നോക്കുകാണാൻ നൂറുകണക്കിനു പേരാണ് പഞ്ചായത്ത് പരിസരത്തെത്തിയത്. വിവിധ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു, തുടർന്ന് ആലത്തൂർ കാനക്കോട് സിഎസ്ഐ പള്ളിയിലെ പൊതുദർശനത്തിനും നൂറുകണക്കിനുപേർ ഒഴുകിയെത്തി. ഉറ്റ സുഹൃത്തുക്കളുടെ വിയോഗം നാടിന് തീരാദുഃഖമായി. ആലത്തൂരിൽ വ്യാപാരികൾ ദുഃഖസൂചകമായി ഇന്നലെ കടകൾ തുറന്ന് പ്രവർത്തിപ്പിച്ചില്ല. മൂന്നുപേരുടെയും വീടുകളിലും വൻ ജനാവലിയായിരുന്നു കാത്തുനിന്നത്. യുവാക്കളുടെ ചേതനയറ്റ മുഖം ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തി. രാത്രിയോടെ ഉറ്റ കൂട്ടുകാരുടെ സംസ്കാരം വീടുകളിൽ നടന്നു. ഇനിയില്ല ആ സൗഹൃദം.
