ബാലരാമപുരം: ഓട്ടോറിക്ഷ മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഓട്ടോ ഡ്രൈവർ സ്റ്റാൻഡിലെ സഹഡ്രൈവറുടെ ശരീരം കടിച്ചു മുറിച്ചു. മുതുകിലും കയ്യിലുമായി മൂന്നിടത്ത് കടിയേറ്റു. കഴുത്തിൽ പിടിച്ചമർത്തി തറയിൽ കമഴ്ത്തി കിടത്തിയാണ് കടിച്ചത്. പല്ലുകൾ ആഴ്ന്നിറങ്ങിയ നിലയിലാണ്. ഓലമടൽ കൊണ്ട് അടിക്കുകയും ചെയ്തു. കടിയേറ്റ ബാലരാമപുരം അന്തിയൂർ വിളയിൽമന നെടിയ വാറുവിളാകത്ത് വീട്ടിൽ കെ.വിജയകുമാർ (42) ചികിത്സ തേടി. ആക്രമിച്ച സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ അജയഘോഷിനെ നിസ്സാര വകുപ്പുകൾ ചേർത്ത് വിട്ടയച്ചതായി ആരോപിച്ച്് വിജയകുമാർ പരാതി നൽകിയതിനെത്തുടർന്ന് ഗൗരവമുള്ളവ വകുപ്പുകൾ ചുമത്തുകയാണ് ബാലരാമപുരം പൊലീസ്.സിപിഎം നെല്ലിവിള ബ്രാഞ്ച് കമ്മിറ്റി അംഗവും സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി യൂണിയൻ നേതാവുമാണ് അജയഘോഷ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പണി നടക്കുന്ന റോഡിൽ തന്റെ വാഹനത്തിന് മുന്നിൽ പോയ വിജയകുമാർ ഓട്ടോറിക്ഷ മാറ്റാൻ വൈകിയതോടെയായിരുന്നു ആദ്യ ആക്രമണം. മടലെടുത്ത് മുതുകിൽ അടിക്കുകയായിരുന്നു. അരമണിക്കൂറിന് ശേഷം ഓട്ടോ സ്റ്റാൻഡിലെത്തി വിജയകുമാറിനെ വീണ്ടും ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.
