കിളിമാനൂർ: കിളിമാനൂരിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ 2022 മുതൽ പല ദിവസങ്ങളിലായി വിവാഹ വാഗ്ദാനം നൽകി ബൈക്കിൽ കയറ്റി പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ നഗരൂർ വലിയകാട് ഗോപിവിള കൊച്ചു വീട്ടിൽ മുബാറക് (20) കിളിമാനൂർ പോലീസിന്റെ പിടിയിലായി.പെൺകുട്ടിയുമായി സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തി ആകുന്നതിന് മുമ്പ് പലവട്ടവും പ്രായപൂർത്തിയായ ശേഷവും പീഡിപ്പിച്ചതിലേക്ക് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ 2 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പെൺകുട്ടിക്ക് പ്രായപൂർത്തി ആയതിനെ തുടർന്ന് വിവാഹത്തെപ്പറ്റി സംസാരിച്ചപ്പോൾ എല്ലാം പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറിയതിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും തുടർന്ന് മാതാവിനോടൊപ്പം സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ആയിരുന്നു. പരാതി നൽകിയത് അറിഞ്ഞ പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം ജില്ല പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ് ,സിവിൽ പോലീസ് ഓഫീസർ ശ്രീരാജ്, പ്രവീൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
