വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് എക്സൈസ് ഐ ബി ഉദ്യോഗസ്ഥനായ ജി സുരേഷ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വെഞ്ഞാറമൂട് ജംഗ്ഷന് സമീപം സഫാരി ബാറിന് മുൻവശത്ത് നിന്നും മാരക മയക്കുമരുന്നായ എം.ഡി എം.എ യുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കൊല്ലം കോട്ടപ്പുറം പരവൂർ മേലൂട്ട് കോന്നാൽ വാരിൽ താഴത്ത് വീട്ടിൽ ഹാമിദ് എന്ന് വിളിക്കുന്ന ഹാമിദ് റോഷൻ,(21) കോന്നാൽ പുളിങ്കുളം വടക്കതിൽ വീട്ടിൽ ജാഫർ ഖാൻ (23)എന്നിവരാണ് അറസ്റ്റിലായത്. എഞ്ചിനീയറിങ് അഞ്ചാം വർഷ വിദ്യാർത്ഥിയാണ് ഹാമിദ്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന ഹോണ്ട ഗ്രാസിയ ഇനത്തിൽപ്പെട്ട സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഒരു ഗ്രാം എം.ഡി.എം. എ.യാണ് പിടികൂടിയത്.ഇതിന് പത്തുവർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. വർക്കല ബീച്ച് ഭാഗത്തുനിന്നും 12000 രൂപയ്ക്ക് വാങ്ങിയ മയക്കുമരുന്ന് നാലു ചെറിയ പൗച്ചുകളിലായി 16,000 രൂപയ്ക്ക് വില്പന നടത്തുന്നതിനായി വെഞ്ഞാറമൂട് ജംഗ്ഷനിൽ എത്തിയപ്പോഴാണ് എക്സൈസ് പാർട്ടി പ്രതികളെ പിടികൂടുന്നത്. ഉത്സവ സീസൺ പ്രമാണിച്ച് വരും ദിവസങ്ങളിലും കർശന പരിശോധനകൾ ഉണ്ടാകുമെന്ന് വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാർ അറിയിച്ചു. പരിശോധനയിൽ ഇൻസ്പെക്ടറെ കൂടാതെ പ്രിവൻ്റീവ് ഓഫീസർമാരായ സതീഷ് കുമാർ, സുരേഷ് ബാബു സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ, ഹാഷിം,വിഷ്ണു,വനിത സിവിൽ എക്സൈസ് ഓഫീസർ ദീപ്തി എന്നിവരും പങ്കെടുത്തു.
