റാന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ വൃദ്ധനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പുതുശ്ശേരിമല കുളത്തൂർ വീട്ടിൽ കേശവൻ നായരുടെ മകൻ പ്രഭാകരൻ നായർ (75) ആണ് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച്ച പകൽ 11 45 ന് പുതുശ്ശേരി കൊല്ലൻപടിയിൽ പ്രവർത്തിക്കുന്ന കുളത്തൂർ സ്റ്റോർസ് എന്ന സ്ഥാപനത്തിന്റെ വരാന്തയിൽ നിന്ന പ്രതി കുട്ടിയെ വരാന്തയിലെ കെട്ടിൽ പിടിച്ചിരുത്തിയശേഷം ദേഹത്ത് കടന്നുപിടിച്ച് കുറ്റകരമായ ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വനിതാ സെൽ എസ് ഐ ഷേർലി കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയതിനെ തുടർന്ന് റാന്നി എസ് ഐ ശ്രീജിത്ത് ജനാർദ്ദനൻ കേസ് രജിസ്റ്റർ ചെയ്തു. കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ കുട്ടിക്ക് ലഭ്യമാക്കുന്നതിന് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് പോലീസ് കത്ത് നൽകി. വൈദ്യപരിശോധന നടത്തുകയും റാന്നി ജെ എഫ് എം സി കോടതിയിൽ മൊഴി രേഖപ്പെടുത്തുന്നതിന് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. പിന്നീട് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ പ്രതിയെ വീടിനടുത്തുനിന്നും ഉടനടി പിടികൂടി. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ ശ്രീജിത്ത് ജനാർദ്ദനൻ, സി പി ഓമാരായ രതീഷ്, സുമിൽ, ഷിൻ്റോ, രെഞ്ചു, ആൽവിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.
