കാട്ടാക്കട: സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ നിന്നും സ്വർണം മുക്കിയ കേസിൽ സ്ഥാപനത്തിലെ വനിതാ അസി.മാനേജർ പൊലീസ് പടിയിൽ. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കാട്ടാക്കട ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന അസി.മാനേജർ വെള്ളറട കുടയാൽ എൽപി സ്കൂളിനു സമീപം സജു ഭവനിൽ ശരണ്യ(28)യാണ് പിടിയിലായത്. ഇവരെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.ട്രേഡ് ലോണിനു വേണ്ടി വ്യാപാരികൾ സ്ഥാപനത്തിൽ പണയം വച്ച സ്വർണത്തിൽ നിന്നും 300ഗ്രാമിൽ അധികം സ്വർണം തട്ടിയെടുത്തെന്നാണ് കേസ്. 2022 ഡിസംബർ മുതൽ കഴിഞ്ഞ ഫെബ്രുവരി മാസം വരെ സ്ഥാപനത്തിൽ പണയമായി ലഭിച്ച സ്വർണത്തിൽ ഇന്റേണൽ ഓഡിറ്റ് വിഭാഗം കുറവ് കണ്ടെത്തി.ഇത് സംബന്ധിച്ച പരാതിയിലാണ് ശരണ്യ പിടിയിലായത്.സ്ഥാപനത്തിലെ മാനേജർ ഉൾപ്പെടെ 3 പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു. പിടിയിലായ ശരണ്യ സ്ഥാപനത്തിൽ നിന്നും മുക്കിയ 174 ഗ്രാം സ്വർണം കാട്ടാക്കടയിലെ തന്നെ മറ്റൊരു സ്വർണ പണയ സ്ഥാപനത്തിൽ പണയം വച്ചു. ഇവരുടെ സഹോദരന്റെ പേരിൽ മറ്റൊരു സ്ഥാപനത്തിൽ 40 ഗ്രാം സ്വർണം പണയം വെച്ചതായും പൊലീസ് കണ്ടെത്തി. സ്ഥാപന മാനേജ്മെന്റ് ഫെബ്രുവരിയിൽ നടത്തിയ ഓഡിറ്റിലാണു തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് കാട്ടാക്കട പൊലീസിൽ പരാതി നൽകി. വ്യാപാരികൾക്ക് സ്വർണം ഈട് വാങ്ങി ട്രേഡ് ലോൺ നൽകുകയാണ് സ്ഥാപനത്തിന്റെ രീതി.
