നെയ്യാറ്റിൻകര: കുപ്രസിദ്ധ ഗുണ്ടയും ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയുമായ രഞ്ജിത് (30) ടിപ്പർ ഇടിച്ച് മരിച്ചു. ബൈക്കിൽ വരികയായിരുന്ന രഞ്ജിത്തിനെ ഇടിച്ചിട്ട ടിപ്പറിന്റെ ഡ്രൈവർ ഒളിവിൽ; കൊലപാതകമെന്ന് സംശയം. തോട്ടവാരം മേലെകുഴിവിള വീട്ടിൽ ധർമരാജിന്റെയും രമണിയുടെയും മകനാണ് രഞ്ജിത്. രഞ്ജിത്തിന്റെ മൃതദേഹം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാരായമുട്ടം പൊലീസ് അന്വേഷണം തുടങ്ങി. അവിവാഹിതനാണ്. ഇന്നലെ രാവിലെ പത്തരയോടെ പെരുങ്കടവിളയ്ക്കു സമീപം പുനയൽകോണത്താണ് സംഭവം.കീഴാറൂർ ഭാഗത്തു നിന്ന് പെരുങ്കടവിളയിലേക്ക് ബൈക്കിൽ വരികയായിരുന്ന രഞ്ജിത്തിനെ, എതിർദിശയിൽ നിന്ന് വന്ന ടിപ്പർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയോട്ടി ഏതാണ്ട് പൂർണമായും തകർന്നു. വലതു കാൽ ഒടിഞ്ഞു തൂങ്ങി. ഉടൻ തന്നെ 108 ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകട സ്ഥലത്തു തന്നെ രഞ്ജിത്ത് മരിച്ചുവെന്നാണ് ദൃക്സാക്ഷിവിവരം. ബൈക്കിൽ ഇടിച്ച ടിപ്പർ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും വാനിലും ഇടിച്ചു. കാറിന്റെ മുൻഭാഗവും വാനിന്റെ ഒരു വശവും ഭാഗികമായി തകർന്നു. വലിയ ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുമ്പോൾ കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന രഞ്ജിത്തിനെ ആണ്. ടിപ്പറിൽ ഡ്രൈവറെ കൂടാതെ മറ്റ് 2 പേർ കൂടി ഉണ്ടായിരുന്നു. അപകടത്തിനു പിന്നാലെ ഡ്രൈവർ രക്ഷപ്പെട്ടെങ്കിലും ടിപ്പറിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേരും ചേർന്നാണ് രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്.രഞ്ജിത്തിന്റെ വരവും കാത്ത് ടിപ്പർ, അപകടം നടന്നതിന്റെ ഏതാണ്ട് 300 മീറ്റർ മാറി പാർക്ക് ചെയ്തിരുന്നതായി നാട്ടുകാർ സംശയം പറയുന്നുണ്ട്. മണ്ണ് ലോബിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചിലർക്ക് മകനുമായി ശത്രുത ഉണ്ടായിരുന്നതായി രഞ്ജിത്തിന്റെ പിതാവ് ധർമരാജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായതെന്നും മകനെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും രഞ്ജിത്തിന്റെ പിതാവ് പറഞ്ഞു. രമ്യ ഏക സഹോദരിയാണ്. വിശദമായ അന്വേഷണം നടത്തുമെന്ന് മാരായമുട്ടം സിഐ: വി.പ്രസാദ് പറഞ്ഞു. ടിപ്പർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
