മലയിൻകീഴ്: കടം വാങ്ങിയ രൂപ തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിൽ അയൽവാസിയായ യുവാവ് വയോധികരായ വിമുക്ത ഭടനെയും ഭാര്യയെയും വീടുകയറി ആക്രമിച്ചതായി പരാതി. വീട്ടു സാധനങ്ങളും നശിപ്പിച്ചു. പെരുകാവ് സെന്റ് ജ്യൂഡ് നഗർ ലീല മണി ഭവനിൽ വൈ.മണി ( 80) , ഭാര്യ ലീല മണി (75 ) എന്നിവരെയാണ് ആക്രമിച്ചത് . സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കണ്ണൻ എന്ന ആളിനെതിരെയാണ് പരാതി. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. ഈ സമയം ലീല മാത്രമാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. കണ്ണൻ വീട്ടിൽ അതിക്രമിച്ചു കയറി ലീലയെ ഉപദ്രവിക്കാൻ ശ്രമിച്ചതായും സാധനങ്ങൾ നശിപ്പിച്ചതായും പറയുന്നു.ഇതിനിടെ ലീലയുടെ നിലവിളി കേട്ട് എത്തിയ മണിയെയും മർദിക്കുകയും തടി കഷണം കൊണ്ടു തലയിൽ അടിക്കുകയും ചെയ്തതായി പരാതിയുണ്ട്.തലയ്ക്കു പരുക്കേറ്റ മണി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ഇന്നലെ രാവിലെ കണ്ണനോട് കടം വാങ്ങിയ പണം മണി തിരികെ ചോദിച്ചിരുന്നു. ഇതെത്തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. പിന്നാലെയാണ് ആക്രമണം. മലയിൻകീഴ് പൊലീസ് അന്വേഷണം തുടങ്ങി.
