പോത്തൻകോട്: രാത്രി വീട്ടുകാർ ഉറങ്ങുന്ന സമയം വീടിന്റെ രണ്ടാം നിലയിൽ തീപടർന്നു; പുറത്തുപോയ അച്ഛനെ കാത്തിരിക്കുകയായിരുന്ന മകൻ തീയും പുകയും കണ്ട് നിലവിളിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. 12 വയസ്സുകാരൻ ശ്രാവണ്‍ ബഹളം വച്ചതു കേട്ട് ഉണർന്ന അമ്മ സനൂജ മുകളിലെ കിടപ്പുമുറിയുടെ വാതിൽ തുറക്കുമ്പോൾ മുന്നിൽ തീയും പുകയും കൊണ്ടു നിറഞ്ഞിരുന്നു. തുടർന്ന് ജനൽ ചില്ല് പൊട്ടിത്തെറിക്കുന്ന ഉഗ്രശബ്ദമുയർന്നു. ഇളയമകൻ അഞ്ചുവയസ്സുകാരൻ സാകേതിനെയും എടുത്ത് സനുജ താഴേക്കോടി രക്ഷപ്പെടുകയായിരുന്നു.പോത്തൻകോട് എസ്എൻഡിപി ഹാളിനു സമീപം എസ്എസ് ഭവനിൽ സുരേന്ദ്രന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലാണ് കഴിഞ്ഞ ദിവസം രാത്രി 11.30ന് തീപിടിത്തം ഉണ്ടായത്. തീപിടിത്തമുണ്ടാകുമ്പോൾ സുരേന്ദ്രൻ, ഭാര്യ മീന ,ഇളയമകൻ ശരത് എന്നിവർ താഴത്തെ നിലയിലും മൂത്തമകൻ സജിത്തിന്റെ ഭാര്യ സനൂജയും മകൻ സാകേതും മുകളിലത്തെ നിലയിലും ഉറങ്ങുകയായിരുന്നു. സജിത്തിന്റെയും സനൂജയുെടെയും മൂത്തമകൻ ശ്രാവൺ താഴെ ഉറങ്ങാതെ അച്ഛനെ കാത്തിരിക്കുമ്പോഴാണ് മുകളിലെ തീയും പുകയും കണ്ടത്. സനൂജയുടെ മുറിയോടു ചേർന്നുള്ള മുറിയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നു കരുതുന്നു.
