തിരുവനന്തപുരം∙ മാനസിക പ്രശ്നങ്ങൾക്കു കൗൺസലിങ്ങിന് എത്തിയ പതിമൂന്നുകാരനെ പല തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരിഷ് (59) കുറ്റക്കാരനെന്ന് അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ കണ്ടെത്തി. ഇന്നു വിധി പറയും. പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ ഇതേ കോടതി തന്നെ ഒരു വർഷം മുൻപു പ്രതിയെ 6 വർഷം കഠിന തടവിനു ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതി ജാമ്യത്തിലാണ്. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തന്റെ വീടിനു ചേർന്നു നടത്തുന്ന സ്വകാര്യ ക്ലിനിക്കിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണു പ്രോസിക്യൂഷൻ കേസ്. 2015 ഡിസംബർ 6 മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ കൗൺസലിങ്ങിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. പീഡനത്തെ തുടർന്നു കുട്ടിയുടെ മനോനില ഗുരുതരമായി. 2019ൽ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്. ആദ്യം റജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിൽ നിൽക്കവേയാണ് പ്രതിയെ ഈ കേസിൽ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.
