ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അവിശ്വസനീയ വിജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മുന്നോട്ടുവെച്ച 205 റൺമല അവസാന പന്തിൽ നൈറ്റ് റൈഡേഴ്സ് മറികടന്നു. മൂന്ന് വിക്കറ്റിന്റെ മിന്നും വിജയത്തോടെ കൊൽക്കത്തയ്ക്ക് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും സാധിച്ചു. അവസാന ഓവറിൽ അഞ്ച് സിക്സറുകളടിച്ച് തകർപ്പൻ പ്രകടനം കാഴ്ച വെച്ച റിങ്കു സിംഗാണ് കൊൽക്കത്തയുടെ വിജയ ശിൽപ്പി.ടൈറ്റൻസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. പവർ പ്ലേയിലെ സുപ്രധാന നാല് ഓവറുകളിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വെറും 28 റൺസ് നേടാൻ മാത്രമാണ് കെകെആറിന് സാധിച്ചത്. എന്നാൽ പിന്നീട് കളിയുടെ ഗതിമാറി. മൂന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് ഉയർത്തിയ നായകൻ നിതീഷ് റാണയും വെങ്കിടേഷ് അയ്യരും കളി തിരിച്ചുപിടിച്ചു. നായകന്റെ പക്വതയോടെ ക്രീസിൽ നിലയുറപ്പിച്ച റാണ 29 പന്തുകളിൽ 45 റൺസ് നേടി അടിത്തറ സമ്മാനിച്ചു. മറുവശത്ത് വെങ്കിടേഷ് അയ്യർ തകർത്തടിച്ചതോടെ സ്കോറിംഗ് അതിവേഗം കൈവന്നു. 43 പന്തുകളിൽ നിന്ന് 80 റൺസാണ് വെങ്കി അടിച്ചെടുത്തത്. വിജയത്തിലേക്ക് അടുത്തെങ്കിലും 17-ാം ഓവറിൽ ഹാട്രിക് നേടി റാഷിദ് ഖാൻ കൊൽക്കത്തയെ ഞെട്ടിച്ചു. വമ്പന്മാരായ ആന്ദ്രെ റസലിനെയും സുനിൽ നരെയ്നെയും ശർദുൽ താക്കൂറിനെയും തുടർച്ചയായ പന്തുകളിൽ റാഷിദ് പുറത്താക്കി. അവസാന ഓവറിൽ 29 റൺസായിരുന്നു നൈറ്റ് റൈഡേഴ്സിന് വിജയിക്കാൻ വേണ്ടത്. അവിശ്വസിനീയമെന്ന് തോന്നിച്ച നിമിഷത്തിൽ റിങ്കു സിംഗിന്റെ മാജിക് പ്രകടനം. യാഷ് ദയാൽ എറിഞ്ഞ അവസാന ഓവറിലെ അഞ്ച് പന്തുകളും റിങ്കു ബൗണ്ടറിക്ക് മുകളിലൂടെ പറത്തി, എല്ലാ പ്രവചനങ്ങളെയും തിരുത്തിക്കുറിച്ചുകൊണ്ട് കൊൽക്കത്ത അവിസ്മരണീയ വിജയം.
