മലയിൻകീഴ്: പേയാട് പള്ളിമുക്ക് പെട്രോൾ പമ്പിൽ മാരകായുധങ്ങളുമായി ബൈക്കിൽ എത്തി ആക്രമണം നടത്തിയ ലഹരി സംഘത്തിലെ പ്രധാനി തിരുമല പ്ലാവിള തച്ചൻവിളാകത്തു വീട്ടിൽ ഉണ്ണി എന്ന മഹാദേവനെ (20) മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിലെ മുഴുവൻ പേരെയും പിടികൂടി. നേരത്തെ 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 27നു പുലർച്ചെയാണ് ബൈക്കിൽ എത്തിയ സംഘം പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവ ശേഷം ഒളിവിൽ കഴിയുകയായിരുന്ന മഹാദേവനെ തിരുമല ഭാഗത്തെ സ്വകാര്യ കെട്ടിടത്തിനു സമീപത്തു നിന്നു പെൺസുഹൃത്തിനൊപ്പം ആണ് പൊലീസ് ഇന്നലെ പുലർച്ചെ കസ്റ്റഡിയിൽ എടുത്തത്. യുവതിയെ മാതാവിനൊപ്പം പറഞ്ഞയച്ചു. ഒളിവിൽ കഴിയുന്നതിനിടെ മഹാദേവനും സംഘവും പെരുകാവ് സ്വദേശിയായ ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി വെട്ടി പരുക്കേൽപിച്ചിരുന്നു. കൂടാതെ ലഹരി കച്ചവടവുമായി ബന്ധപ്പെട്ടു ഉണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ വെട്ടിയതിനും അയാളുടെ ബൈക്ക് കത്തിച്ചതിനും ഇയാൾക്കെതിരെ മലയിൻകീഴ് പൊലീസ് കേസ് എടുത്തിരുന്നു. 9നു മച്ചേൽ ഭാഗത്തെ വീട്ടിൽ അന്വേഷിച്ചെത്തിയ പൊലീസിനു നേരെ വാൾ വീശിയ ശേഷം രക്ഷപ്പെടുകയായിരുന്നു . പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും ആയുധം കൈവശം വച്ചതിനും കേസ് എടുത്തിട്ടുണ്ട്. പൂജപ്പുര, വലിയതുറ സ്റ്റേഷനുകളിലും മഹാദേവനെതിരെ വധശ്രമം, മോഷണം എന്നീ കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ടി.വി.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. റിമാൻഡ് ചെയ്തു.
