ബാലരാമപുരം: പാൽ സൊസൈറ്റിയിലേക്കു പാലുമായി പോയ ക്ഷീര കർഷക ആറാലുംമൂട് പുന്നക്കണ്ടത്തിൽ വയലുനികത്തിയ വീട്ടിൽ വാസന്തി(63) യെ അജ്ഞാതൻ കാലിൽ കമ്പിപ്പാരകൊണ്ട് വെട്ടിയും അടിച്ചും ഗുരുതരമായി പരുക്കേൽപിച്ചു. പാൽപ്പാത്രവും നശിപ്പിച്ചു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാൽമുട്ടിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇന്നലെ രാവിലെ 6 മണിയോടെ ആറാലുംമൂട് റെയിൽവേ ക്രോസിന് സമീപമാണ് സംഭവം. ഇവർ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. നിലവിളികേട്ട് ഉണർന്ന സമീപവാസികൾ കറുത്ത വേഷം ധരിച്ച ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി പറയുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പതിവുപോലെ മകൻ രജികുമാർ റെയിൽവേ ക്രോസിന് സമീപം വരെ ഇവരെ ബൈക്കിൽ കൊണ്ടുപോയി വിട്ടിരുന്നു. ഇത് കഴിഞ്ഞ് കുറച്ചുസമയം കഴിഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്. ഇവർ ഒറ്റയ്ക്ക് നടന്നുപോകുന്ന കാര്യം അറിയാവുന്ന ആരോ ആണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.
