കാട്ടാക്കട: പൂവച്ചലിൽ പോലീസ് വേഷം ധരിച്ച് ആൾമാറാട്ടം നടത്തി വന്ന പ്രതികൾ പിടിയിൽ. ശനിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് സംഭവം. വാഹനപരിശോധന നടത്തുന്ന വ്യാജേന നെടുമങ്ങാട് പഴകുറ്റി സോണി മൻസിലിൽ മുജീബ് ഓടിച്ച് വന്ന കാർ കാക്കി വേഷം ധരിച്ച് പ്രതികൾ കൈകാണിച്ച് തടഞ്ഞ് നിർത്തി, മുജിബാണോ എന്ന് ചോദിച്ച് ഒന്നാം പ്രതിയായ ഉഴമയ്ക്കൽ ചുറ്റുവീട്ടുമുറി പോങ്ങാട് മാവിള വീട്ടിൽ വിനീത് കൈവശം ഉണ്ടായിരുന്ന വിലങ്ങ് കൊണ്ട് മുജീബിൻ്റെ വലത് കൈയ്യും കാറിൻ്റെ സ്റ്റിയറിങ്ങുമായി ബന്ധിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നു എന്ന് അറിയിച്ചു. എന്തിനാണ് അറസ്റ്റ് എന്ന് ചോദിച്ചപ്പോൾ ഇ ഡി റെയ്ഡ് ആണെന്ന് അറിയിച്ചു. പ്രതികൾ പോലീസല്ല എന്ന് മനസ്സിലാക്കിയ മുജീബ് നിലവിളിച്ചപ്പോൾ തോക്കെടുത്ത് കൊല്ലുമെന്ന് ഭീഷണപ്പെടുത്തി. കൊന്നാലും സാരമില്ല എന്ന് പറഞ്ഞ് വീണ്ടും ഒച്ചവച്ചു. തുടർന്ന് രണ്ടാം പ്രതിയായ വെള്ളനാട് വാളിയറ മുറിയിൽ അരുവിക്കര രവീന്ദ്ര ഭവനിൽ അരുണും ചേർന്ന് മുജീബിനെ കാറിൽ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടെ മുജീബിൻ്റെ കാലിന് പരിക്ക് പറ്റുകയും കഷ്ടിച്ച് സംഘത്തിൻ്റെ കയ്യിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ചും, മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും മറ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും കേസിലെ ഒന്നാം പ്രതിയായ വിനീതിനെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തു. ഇയാൾ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസർ ആയി ജോലി നോക്കുകയും ഒരുകൊല്ലം മുൻപ് സസ്പെൻഷനാവുകയും ചെയ്തയാളാണ്. കേസിന്റെ അന്വേഷണത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുള്ളതായി തെളിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ഗൂഢാലോചനക്ക് നേതൃത്വം വഹിച്ച മൂന്നാം പ്രതി മൂന്നാം പ്രതി ഇളവട്ടം വെമ്പ് വെള്ളൂർക്കോണം ശശിമന്ദിരത്തിൽ കിരൺ കുമാറിനെ ഉച്ചയോടെ അറസ്റ്റ് ചെയ്തു. ഇയാൾ പോത്തൻകോട് പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായി ജോലി നോക്കിവരവെ ഒരുകൊല്ലം മുൻപ് സസ്പെൻഷനിലായ ആളാണ്. ഒപ്പം അരുണിനെയും പോലീസ് പിടികൂടി. കാട്ടാക്കട സിഐ ഡി.ഷിബുകുമാർ, എസ്ഐ ശ്രീനാഥ്, സജിത്ത്, രതീഷ്, മനോജ്, ജിഷ്ണു, പ്രവീൺ, സുനിൽലാൽ, നെവിൽരാജ്, ശ്രീനാഥ്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
