കാട്ടാക്കട: മോഷ്ടിച്ച ബൈക്കിലെത്തി മാല കവർന്ന കേസിൽ 2 പേരെ നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. അനവധി ക്രിനിൽ,ലഹരി,പീഡന,പിടിച്ചുപറി കേസുകളിൽ പ്രതിയായ മലയിൻകീഴ് അണപ്പാട് കൃഷ്ണകൃപയിൽ അർജുൻ(21)മച്ചേൽ മണപ്പുറം വൃന്ദാവനത്തിൽ അഭിഷേക്(തക്കുടു–23) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ 24ന് പന്ത നിരപ്പുക്കാല വച്ച് വഴി യാത്രക്കാരിയായ കാലാട്ടുകാവ് റോഡരികത്ത് വീട്ടിൽ ജയകുമാരി(50) യുടെ നാലര പവൻ തൂക്കം വരുന്ന മാല പിടിച്ച് പറിച്ച് കടന്ന കേസിലാണ് ഇരുവരും പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇതേ ദിവസം രാവിലെ ഏഴേകാലോടെ അമ്പൂരി വില്ലേജ് ഓഫിസിനു മുന്നിൽ മത്സ്യം വാങ്ങാൻ നിൽക്കുകയായിരുന്ന അമ്പൂരി പാലവിള വീട്ടിൽ ശോഭി(72)യുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണ മാലയും ബൈക്കിലെത്തിയ 2 അംഗ സംഘം പിടിച്ച് പറിച്ച് കടന്നു. ഇതിനു പിന്നിലും പിടിയിലായവരെന്നു പൊലീസ് പറഞ്ഞു. ഇവർക്ക് പുറമേ കവർച്ച സംഘത്തിൽ മറ്റ് ചിലരുണ്ടെന്നാണു വിവരം. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ചാണ് പ്രതികൾ പിടിച്ച് പറി നടത്തിയത്. സംഘത്തിലുള്ള 2 പേർ കൂടി പൊലീസ് കസ്റ്റഡിയിലുള്ളതായാണു വിവരം. എന്നാലിത് പൊലീസ് സ്ഥിരീകരിച്ചില്ല. കസ്റ്റഡിയിലുള്ളവർ ബൈക്ക് മോഷണക്കേസിൽ പ്രതികളെന്നാണു വിവരം. പിടിയിലായ 2 പേരും കസ്റ്റഡിയിലുള്ള 2 പേരും ഉൾപ്പെടുന്ന സംഘം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം,പിടിച്ചുപറി ,ലഹരി കേസുകളിൽ പ്രതികളെന്ന് പൊലീസ് പറഞ്ഞു. റൂറൽ ഷാഡോ ടീമും നെയ്യാർ ഡാം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ 2 പേരെയും കോടതിയിൽ ഹാജരാക്കും.
