മലയിൻകീഴ്: സിപിഎം വിളപ്പിൽ ഏരിയ കമ്മിറ്റി അംഗവും വിളപ്പിൽ പഞ്ചായത്ത് മുൻ മെംബറുമായ പേയാട് അലേറ്റി ഫാത്തിമ മൻസിലിൽ എ.അസീസിന്റെ വീടിന് നേരെ ആക്രമണം നടത്തിയ കേസിൽ ഗുണ്ടാ നിയമപ്രകാരം ജയിലിൽ കിടന്ന പ്രതി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. പേയാട് ഐശ്വര്യ നിവാസിൽ അമൽ കുട്ടു എന്ന അമൽ എസ്.കുമാർ ( 27), ഊരൂട്ടമ്പലം നീറമൺകുഴി എംഐആർ കോട്ടേജിൽ ബ്ലസൻ ദാസൻ (26) എന്നിവരെയാണ് വിളപ്പിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 3 പേർ ഒളിവിലാണ്. അമൽ കുട്ടുവാണ് ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ കിടന്നിട്ടുള്ളത്. കഴിഞ്ഞ 3ന് രാത്രിയാണ് വീടിനു നേരെ ആക്രമണം ഉണ്ടായത്. അസീസിന്റെ മകൻ അസീമുമായുള്ള മുൻവൈരാഗ്യമാണു ആക്രമണത്തിന് പിന്നിലെന്നു പൊലീസ് പറഞ്ഞു. അസീമിനെ ലക്ഷ്യമിട്ടാണ് ഇവർ എത്തിയത്. അന്ന് ഇദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പുറത്തിറങ്ങിയില്ല.രണ്ടു ബൈക്കുകളിലായി മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗസംഘം വീടിന്റെ വാതിൽ, ജനൽ ചില്ലുകൾ, വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ, ചെടിച്ചട്ടികൾ, കസേര എന്നിവയെല്ലാം തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കടന്നു കളഞ്ഞു. ഒന്നര വർഷം മുൻപും സമാന രീതിയിൽ മൂന്നംഗ സംഘം ഈ വീടിനു നേരെ ആക്രമണം നടത്തിയിരുന്നു. അതിലും പ്രതിയായ അമൽ കുട്ടുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലഹരിക്കടത്ത്, അടിപിടി, വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകൾ പ്രതികളുടെ പേരിലുണ്ട്. ഇൻസ്പെക്ടർ എൻ.സുരേഷ് കുമാർ, എസ്ഐ ആശിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
