തിരുവനന്തപുരം: ബിഎസ്എൻഎൽ എൻജിനീയേഴ്സ് സഹകരണ സംഘത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊറ്റൻകര മാമ്പുഴ കാടൻവിളപ്പുറം അഹല്യ ഹൗസിൽ ഷീജ കുമാരിയെ (47) ആണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഇവരുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നോട്ടിസ് നൽകി വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ്.കേസിലെ പ്രധാന പ്രതിയും സഹകരണ സംഘം മുൻ പ്രസിഡന്റുമായ എ.ആർ.ഗോപിനാഥന്റെ ബെനാമിയാണ് ഷീജ കുമാരിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഘത്തിലെ 80 കോടിയോളം രൂപയുടെ നിക്ഷേപങ്ങൾ ഇവരുടെ പേരിലേക്കു മാറ്റിയെന്ന് ഗോപിനാഥൻ മൊഴി നൽകിയിരുന്നു. ഇതുസംബന്ധിച്ച രേഖകളും മറ്റും കൊല്ലത്തെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 230 കോടിയിലധികം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വി.രമേഷ് കുമാർ ആണ്.പ്രതികളിൽ നിന്നു പണം തിരികെപ്പിടിക്കാൻ നിക്ഷേപകർക്കു സഹായകമാകുന്ന ബഡ്സ് ആക്ടിലെ സെക്ഷൻ 4, 22 പ്രകാരമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തണമെന്നു നിക്ഷേപകർ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് എഡിജിപി, ചീഫ് സെക്രട്ടറി എന്നിവർക്കു നിവേദനവും നൽകി.
