വിലപ്പിൽശാല: വിളപ്പിൽ മരത്തകിടിയിൽ വണ്ടിയുടെ ബാറ്ററി കാണാതായ കാര്യത്തിന് പോലീസിന് പരാതി നൽകിയതിലുള്ള വിരോധത്താൽ യുവാവിനെ വാൾ കൊണ്ടും ഇരുമ്പ് പൈപ്പ് കൊണ്ടും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയെ വിലപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ വില്ലേജിൽ കാവിൻപുറം വാർഡിൽ പുന്നശേരി രതീഷ് ഭവനിൽ ചന്ദ്രൻ മകൻ 39 വയസ്സുള്ള രതീഷാണ് പോലീസ് പിടിയിലായത്. 2022 ക്രിസ്ത്മസ് ദിവസമാണ് സംഭവം നടന്നത്. പൊന്നടുത്തുകുഴി അണമുഖം ബിനോയ് വീട്ടിൽ ജസ്റ്റസ് മകൻ ബിനോയിയെ ആണ് പ്രതികൾ ആക്രമിച്ച് മാരകമായി പരിക്കേൾപ്പിച്ചത്. സംഭവത്തിൽ ആവലാതികരന്റെ നടുവിരലും മോതിരവിരലും മുറിഞ്ഞു തൂങ്ങിയിരുന്നു. സംഭവത്തിൽ കേസ് എടുത്ത വിലപ്പിൽശാല പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഈ കേസിലെ മറ്റു രണ്ട് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ രതീഷ് പോലീസ് അറെസ്റ്റ് ഭയന്ന് പശ്ചിമബംഗാൾ, ആസാം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഒളിവിൽ താമസിച്ച് വരികയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധവി ശില്പ ഡി ഐ പി എസ് ന് ലഭിച്ച രഹസ്യവിവരപ്രകാരം കാട്ടാക്കട ഡി വൈ എസ് പി ഷിബുവിന്റെ മേൽ നോട്ടത്തിൽ വിലപ്പിൽശാല പോലീസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ ആയ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ്, ജി എസ് ഐ ബൈജു, സി പി ഒ മാരായ രതീഷ് കുമാർ, രാജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി തമിഴ്നാട് നിന്നും അറസ്റ്റ് ചെയ്തത്.
പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
