മലയിൻകീഴ്: ജംക്‌ഷനു സമീപം ആനപ്പാറയിലെ പ്രവർത്തനം നിലച്ച സ്വകാര്യ പാറമടയിലെ വെള്ളക്കെട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കീഴാറൂർ കാവല്ലൂർ പ്ലാങ്കാലവിള നന്ദനം വീട്ടിൽ ഗംഗാധരന്റെയും പ്രസന്നയുടെയും മകൻ അഭിലാഷ് (33) ആണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത. സുഹൃത്തായ ഒരാൾ പൊലീസ് കസ്റ്റഡിയിലെന്നു സൂചന. മലയിൻകീഴ് പഞ്ചായത്തിൽ നടക്കുന്ന ഓണാഘോഷം ‘ ആനപ്പാറ ഫെസ്റ്റ് ’ കാണാൻ സുഹൃത്തുക്കളുമായി പോകുന്നുവെന്ന് പറഞ്ഞാണ് അഭിലാഷ് വീട്ടിൽ നിന്നും ബുധനാഴ്ച ഇറങ്ങിയത്. എന്നാൽ രാത്രി വൈകിയും കാണാത്തതിനെ തുടർന്ന് അഭിലാഷിന്റെ ഭാര്യ മായ മലയിൻകീഴ് പൊലീസിൽ പരാതി നൽകി.
