പരുക്ക്വർക്കല: ബീച്ചിലെ ഹെലിപ്പാഡ് ഭാഗത്ത് രാത്രി സമയത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവ്, പൊലീസ് സംഘത്തിലെ സിപിഒയുടെ കൈ കടിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ കുന്നിൽ നിന്നു താഴെ വീണു പരുക്കേറ്റു. കിളിമാനൂർ സ്വദേശി ഷെഹീൻ ഷാ(38)യ്ക്കാണ് പരുക്കേറ്റത്. ഇയാളെ നട്ടെല്ലിന് ക്ഷതമേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസം രാത്രി 1.45നാണ് സംഭവം. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. രാത്രി വൈകി ഹെലിപ്പാഡിന് പരിസരത്ത് കണ്ടെത്തിയ ഷെഹീൻ ഷായെ ചോദ്യം ചെയ്തപ്പോൾ പൊലീസ് സംഘത്തെ അസഭ്യം വിളിച്ചു. തുടർന്നു ഇയാളെ ബലംപ്രയോഗിച്ചു പൊലീസ് ജീപ്പിലേക്കു കയറ്റവേ സിപിഒ നിജിമോന്റെ കൈയിൽ കടിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് കേസ്. ഫയർഫോഴ്സ് സഹായത്തോടെ ഇയാളെ കുന്നിൻ മുകളിൽ എത്തിച്ചു പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
