തിരുവനന്തപുരം; പൊന്മുടിയിൽ നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ ട്രയൽസ് ആരംഭിച്ചു. 23 വയസ്സിനു മുകളിലുള്ള പുരുഷന്മാർ, പുരുഷന്മാരുടെ അണ്ടർ –-2-3, അണ്ടർ–-18 ബോയ്സ് വിഭാഗങ്ങളിലെ നാലു കിലോമീറ്റർ ക്രോസ് കൺട്രി മത്സരത്തിന്റെ ഓപ്പൺ ട്രയൽസാണ് ബുധനാഴ്ച സംഘടിപ്പിച്ചത്. സ്ത്രീകൾ, സ്ത്രീകളുടെ അണ്ടർ–-23, അണ്ടർ–-18 ഗേൾസ് വിഭാഗങ്ങളിലെ ട്രയൽസ് വ്യാഴാഴ്ച നടക്കും. മെർക്കിസ്റ്റൺ എസ്റ്റേറ്റിൽ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലാണ് ട്രയൽ റൺ സംഘടിപ്പിച്ചത്. കേരള സൈക്ലിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ് എസ് സുധീഷ് കുമാർ, സെക്രട്ടറി ബി ജയപ്രസാദ്, ട്രഷറർ കെ വിനോദ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ട്രയൽസിനുശേഷം ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കും. സെപ്തംബർ ഒമ്പതുമുതൽ 43 അംഗ ഇന്ത്യൻ ടീം പൊന്മുടിയിൽ പരിശീലനം നടത്തിവരികയാണ്. 26 മുതൽ 29 വരെയാണ് ചാമ്പ്യൻഷിപ്. 30 രാജ്യങ്ങളിൽ നിന്നായി 300 ൽ അധികം പുരുഷ- വനിതാ കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
