വെള്ളറട: കുന്നത്തുകാൽ, കുറ്റിക്കാട്ടുകോണം ഷാൻ വർഗീസിൻ്റെ വീട്ടിൽ ഞായറാഴ്ച്ചരാവിലെ എട്ടു മണിക്കാണ് പറക്കും തവളയെ കണ്ടെത്തിയത്.തവള വീടിനകത്ത് എത്തിയതിനെ തുടർന്ന് വീടിൻ്റെ മുറിയിലാണ് ഉള്ളത്. പ്രാണികളെ ഭക്ഷിക്കുന്നുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമിയിച്ചു. പശ്ചിമഘട്ട മഴക്കാടുകളിലെ വൃക്ഷങ്ങളിൽമാത്രം കാണുന്ന പറക്കും തവളയെയാണ് കുന്നത്തുകാലിൽ കണ്ടെത്തിയത്. ഇളിത്തേമ്പൻ തവള, പച്ചിലപ്പാറാൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പച്ചത്തവളയാണിത്. മഴക്കാടുകളിലെ വലിയമരങ്ങളിൽ കഴിയുന്ന ഇവയ്ക്ക് അടുത്ത മരത്തിലേക്ക് ഒഴുകിപ്പറക്കാനുള്ള കഴിവുണ്ട്. കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേർത്ത സ്തരവും (പാട) വിരലുകൾക്കിടയിലെ ഓറഞ്ചുനിറത്തിലുള്ള സ്തരവുമാണ് ഇവയെ പറക്കാൻ സഹായിക്കുന്നത്.
പറക്കുമ്പോൾ ശരീരത്തിലെ പാട കാറ്റുപിടക്കത്തക്കവിധം വിടർത്തുകയും കൈകാലുകൾ വലിച്ചുനീട്ടി ശരീരം പരത്തുകയും ചെയ്യും. പറക്കുന്നതിനിടയിൽ വേഗം കുറയ്ക്കാനും കൂട്ടാനും വെട്ടിത്തിരിയാനുമെല്ലാം ഇവയ്ക്കു കഴിയും. ഒറ്റച്ചാട്ടത്തിൽ പതിനഞ്ചുമീറ്റർവരെ ഇവയ്ക്കു പറക്കാൻ സാധിക്കും. പകൽസമയം ഉറങ്ങുകയും രാത്രിയിൽ ഇരതേടുകയുമാണ് ഇവയുടെ രീതി.
വലിയ കണ്ണുകളുള്ള ഇവ ഇലകൾക്കിടയിൽ ഒളിച്ചിരിക്കാനും വിരുതന്മാരാണ്. വംശനാശഭീഷണി നേരിടുന്ന ഇവ റെഡ്ബുക്കിൽ സ്ഥാനം പിടിച്ചവയാണ്.
റോക്കോഫോറസ് മലബാറിക്കസ് എന്ന് ശാസ്ത്രനാമമുള്ള മലബാർ ഗ്ലൈഡിങ് ഫ്രോഗ് എന്ന മരത്തവളയെ വനമേഖലയിലും കുന്നിൻപ്രദേശങ്ങളിലും കാണാം. റെഡ് ബുക്കിൽ ഇടംനേടിയിട്ടുള്ളതും കേരളത്തിന്റെ വനമേഖലയിലെല്ലാം ഇവയുണ്ട്. വനനശീകരണം ഇവയുടെ നിലനില്പിനെ ബാധിക്കുമെന്നാണ് ശാസ്ത്രീയ നിഗമനം.
