കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ ആനാകോട് കോണിനടയിൽ പുതിയ പാലം നിർമിക്കണമെന്ന് ആവശ്യം. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലിവിലെ ചെറിയ പാലം ജീർണാവസ്ഥയിലാണ്. കോണിനടയിൽ നിന്നും നൂറിലേറെ കുടുംബങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതാണ് നിലവിലെ ഇടുങ്ങിയ പാലം. ഇരുചക്ര വാഹനങ്ങൾക്ക് മാത്രം കടന്നു പോകാൻ കഴിയുന്ന പാലം. കാലപ്പഴക്കത്താൽ പല ഭാഗത്തും കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ച് അപകടാവസ്ഥയിൽ. കോണിനടയിലേക്ക് റോഡുണ്ടെങ്കിലും നിലവിലെ പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാനാവില്ല. അടിയന്തര സാഹചര്യത്തിൽ കോണിനടയിലേക്ക് ആംബുലൻസിനു വരണമെങ്കിൽ പോലും 4 കിലോമീറ്റർ ചുറ്റണം. നെയ്യാർ വലതുകര കനാലിന്റെ വലത് ഭാഗത്തായി നൂറോളം കുടുംബങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന യാത്രാ ദുരിതത്തിനു അറുതിവരുത്താൻ പുതിയ പാലം കൂടിയെ തീരുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
നെയ്യാർഡാം കമ്മീഷൻ ചെയ്ത പ്പോൾ ഇവിടെ നിർമിച്ച ചെറിയ പാലമാണ് ഇവരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത്. നിലവിലെ പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് കടന്നുവരാൻ കഴിയാത്തതിനാൽ വിദ്യാർഥികളും, മറ്റ് ജോലികൾക്ക് പോകുന്നവരും മാത്രമല്ല കർഷകരും ബുദ്ധിമുട്ടുന്നു. കാർഷിക ഉത്പന്നങ്ങൾ ചന്തയിലെത്തിക്കാൻ കിലോമീറ്ററുകൾ ചുറ്റണം. ഇതിനു ചിലവേറുന്നു. കനാലിനു കുറുകെ പുതിയ പാലം നിർമിക്കണമെന്ന് ആവശ്യപെട്ട് നവകേരള സദസിൽ നിവേദനം നൽകി. അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. കനാലിനു കുറുകെ ആയതിനാൽ പാലം നിർമിക്കണമെന്ന ആവശ്യം ഇറിഗേഷൻ വകുപ്പാണ് പരിഗണിക്കേണ്ടത്. അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം
