മലയിൻകീഴ്: അലങ്കാരത്തിന് ഉപയോഗിക്കുന്ന വിവിധതരം വൈദ്യുത ലൈറ്റുകളും അനുബന്ധ ഉപകരണങ്ങളും സ്പീക്കറുകളും ഉൾപ്പെടെ ഇലക്ട്രിക്കൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിൽ തീപിടിത്തം. ആളപായമില്ല. 10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ. വിളവൂർക്കൽ ചൂഴാറ്റുകോട്ട വെള്ളൈക്കോണത്ത് സുഗുണ രാജിന്റെ വീട് വാടകയ്ക്ക് എടുത്താണ് പൂജപ്പുര സ്വദേശി വി.രാധാകൃഷ്ണൻ നായർ തന്റെ സ്ഥാപനത്തിലെ സാധനങ്ങൾ സൂക്ഷിച്ചിരുന്നത്.
ഇന്നലെ പത്തോടെ വീട്ടിൽ നിന്നും ശക്തമായ തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികൾ പരിഭ്രാന്തരായി. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് നാട്ടുകാരും കാട്ടാക്കട ഫയർഫോഴ്സും അരമണിക്കൂറോളം പരിശ്രമിച്ചു തീ കെടുത്തി. തൊട്ടടുത്ത് വീടുകൾ ഉണ്ടായിരുന്നെങ്കിലും തീ പടരാതെ തടയാൻ കഴിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി.
