പേരൂർക്കട : ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ പ്രചാത്തെത്തിലെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തി തുടർനടപടി സ്വീകരിക്കുന്നതിന് സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ഓരോ മണ്ഡലത്തിലും മൂന്ന് വീതം ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവെയ്ലൻസ് ടീം, രണ്ട് വീതം ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ്, ഒന്ന് വീതം വിഡിയോ സർവെയ്ലൻസ് ടീം എന്നിവയെ നിയോഗിച്ചതായി ജില്ല കലക്ടർ അറിയിച്ചു.
സ്റ്റാറ്റിക് സർവെയ്ലൻസ് ടീം ഒഴികെയുള്ളവ പ്രഖ്യാപനം വന്നയുടൻ സജീവമായതാണ്. സ്റ്റാറ്റിക് സർെവയ്ലൻസ് ടീം തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന മാർച്ച് 28 മുതൽ പ്രവർത്തനം ആരംഭിക്കും. ഇത്തരത്തിൽ ജില്ലയിൽ പരിശോധനക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന 78 സ്ക്വാഡുകളാണ് ഉള്ളത്. മാതൃകാ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നിന് ജില്ലതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം (ടോൾ ഫ്രീ നം.1950) പ്രവർത്തനക്ഷമമാണ്. കൂടാതെ പൊതുജനങ്ങൾക്ക് സി-വിജിൽ മൊബൈൽ ആപ്ലിക്കേഷൻ (C-VIGIL Mobile Application) മുഖേനയും പരാതി നൽകാം. ആപ്പ് പ്ലേ സ്റ്റോർ, ആപ്പിൾ പ്ലേ സ്റ്റോർ എന്നിവയിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
കൊടികൾ, തോരണങ്ങൾ, പോസ്റ്ററുകൾ നീക്കണം
മാതൃകാ പെരുമാറ്റചട്ടലംഘനവുമായി ബന്ധപ്പെട്ട് സർക്കാർ സ്ഥാപനങ്ങളിലും പരിസരങ്ങളിലും അനധികൃതമായി സ്ഥാപിച്ച കൊടികൾ, തോരണങ്ങൾ, പോസ്റ്ററുകൾ മുതലായവ 24 മണിക്കൂറിനകം നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഓഫിസ് മേലധികാരികൾക്കും തദ്ദേശ സ്വയംഭരണ മേധാവികൾക്കും നിർദേശം നൽകി. പൊതുസ്ഥലങ്ങളിൽ (റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റ്, സർക്കാർ ബസ് മുതലായവ) അനധികൃതമായി സ്ഥാപിച്ച കൊടികൾ, തോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ 48 മണിക്കൂറിനകവും നിയമപരമല്ലാതെ സ്വകാര്യ വസ്തുവകകളിൽ സ്ഥാപിച്ചിട്ടുള്ളവ 72 മണിക്കൂറിനകവും നീക്കാൻ ജില്ല െതരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടർ നിർദേശിച്ചു.
