കിളിമാനൂർ : ഒരു ലോകജലദിനം കൂടി കടന്നുപോകുമ്പോൾ നാട്ടിൻ പുറങ്ങൾ നേരിടുന്നത് രൂക്ഷമായ ജലക്ഷാമം. മനുഷ്യർക്കൊപ്പം വളർത്തുമൃഗങ്ങൾ പോലും ജലദൗർലഭ്യത്തിന്റെ രൂക്ഷത നേരിടുകയാണ്. ജലാശയങ്ങളും തണ്ണീർത്തടങ്ങളും കുളങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ പരാജപ്പെട്ടു. കിണറുകളും കുളങ്ങളും ബഹുഭൂരിപക്ഷവും വറ്റിത്തുടങ്ങി. റോഡുകൾ പൊളിച്ചുസ്ഥാപിച്ച പൈപ്പ് ലൈനിലൂടെ കാറ്റ് മാത്രമാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം ആരംഭിച്ചു. ഇത്തവണ വേനൽച്ചൂട് നേരത്തെ ആരംഭിച്ചതാണ് ജലക്ഷാമത്തിന് കാരണം. കഴിഞ്ഞ വേനൽക്കാലങ്ങളിൽ നാട്ടിൻപ്പുറങ്ങളിൽ ജലക്ഷാമം നേരിട്ടപ്പോൾ പലരും കുഴൽക്കിണറുകൾ നിർമിച്ചു. ഇത് സാധാരണ കിണറുകൾ പെട്ടെന്ന് വറ്റാൻ കാരണമായി.
