നെയ്യാറ്റിൻകര : പൂവാർ മുതൽ അടിമലത്തുറ വരെയുള്ള പ്രദേശത്ത് ശക്തമായ വേലിയേറ്റം. നൂറിലധികം വീടുകളിൽ വെള്ളം കയറി. പുല്ലുവിള പ്രദേശത്ത് ഇത്രയും രൂക്ഷമായ കടൽകയറ്റം 3 ദശാബ്ദത്തിനിടെ ആദ്യമെന്ന് പ്രദേശവാസികൾ. ഇന്നലെ പുലർച്ചെ മുതൽ തിരയ്ക്ക് ശക്തി കൂടുതലായിരുന്നതായി പ്രദേശവാസികൾ പറയുന്നു. രാവിലെ എട്ടരയോടെ തന്നെ ചെറിയ തോതിൽ വെള്ളം കയറിത്തുടങ്ങി. ഉച്ചയോടെ ആണ് വേലിയേറ്റം ശക്തമായത്. ഇതോടെ വീടുകളിൽ വെള്ളം കയറി തുടങ്ങി. പൂവാർ മുതൽ അടിമലത്തുറ വരെ നൂറോളം വീടുകൾക്കുള്ളിൽ വെള്ളം കയറിയിട്ടുണ്ട്. ബീച്ച് റോഡിനും ഗോതമ്പ് റോഡിനും ഇടയിൽ താമസിക്കുന്നവരാണ് ഏറെ ദുരിതത്തിലായത്. പലയിടത്തും എത്തിച്ചേരാൻ കഴിയാത്തതിനാൽ എത്ര വീടുകളിൽ വെള്ളം കയറിയെന്ന് പറയുക എളുപ്പമല്ല. 100 വീടുകളിൽ അധികം വെള്ളം കയറിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം വീടിന്റെ 4 വശവും വെള്ളമെത്തിയ വീടുകളുടെ എണ്ണം എണ്ണി തിട്ടപ്പെടുത്താനാകില്ല.
കല്ലുമുക്ക് സ്വദേശികളായ രാജേന്ദ്രൻ, ഫ്രാൻസിസ്, കല്ലുമുക്ക് അടിമ്പിൻതൈ പുരയിടത്തിൽ സൈറസ്, പീറ്റർ, സൂസപാക്യം തുടങ്ങിവരുടെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പുല്ലുവിളയ്ക്കു സമീപം പള്ളം പുരയിടത്തിൽ ചെറുപുഷ്പം, ഫ്രാൻസിസ്, മേരി സ്റ്റെല്ല, സ്റ്റെല്ല ബെമിയാൻ, ശേഷടിമ തുടങ്ങിയ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. ഇവർ ബന്ധു വീടുകളിൽ അഭയം തേടി. രാത്രി വൈകിയും കടൽകയറ്റം തുടരുകയാണ്. കല്ലുമുക്ക്, കരുംകുളം, കൊച്ചുതുറ, പുതിയതുറ, പള്ളം, പുല്ലുവിള, കൊച്ചുപള്ളി പ്രദേശങ്ങളിൽ ഗോതമ്പ് റോഡും കടന്നെത്തിയ വെള്ളം റവന്യു വകുപ്പിന്റെയും ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കടലിലേക്ക് ഒഴുക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.
