January 15, 2026

മാറനല്ലൂർ: മാറനല്ലൂർ കൂവളശേരിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി.
ക്ഷേത്രത്തിന് സമീപം അപ്പു നിവാസിൽ പരേതനായ കൊച്ചനിയന്റെ ഭാര്യ ജയയുടെ
(58) മൃതദേഹമാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ഏകമകൻ
ബിജു.കെ.നായരെ(31) മാറനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന് ജയ ദീർഘനാളായി ചികിത്സയിലായിരുന്നു.
മദ്യപിച്ചെത്തുന്ന ബിജു നിരന്തരം ജയയുമായി വഴക്കിടാറുണ്ടായിരുന്നതായി
സമീപവാസികൾ പൊലീസിനോട് പറഞ്ഞു. ജയയെ വീടിന്റെ ഹാളിൽ തറയിൽ കിടക്കുന്ന
നിലയിൽ കണ്ടതായും പ്രദേശവാസികൾ പറഞ്ഞു. മദ്യലഹരിയിലായിരുന്ന ബിജു ആ സമയം
വീട്ടിലുണ്ടായിരുന്നു.അമ്മയ്ക്ക് ചലനമില്ലെന്ന വിവരം ബിജു സുഹൃത്തുക്കളെയും
അവർ കൂവളശേശേരി വാർഡ് അംഗത്തെ വിവരം അറിയിക്കുകയും ചെയ്തു. വാർഡ് അംഗമാണ്  പൊലീസിൽ
അറിയിക്കുന്നത്. എന്നാൽ പൊലീസ് എത്തുമ്പോഴേക്കും മൃതദേഹം കട്ടിലിൽ
കിടക്കുന്നതായിട്ടാണ് കണ്ടത്. അമ്മ തറയിൽ വീണതിനാൽ അവിടെ നിന്ന് എടുത്ത്
കട്ടിലിൽ കിടത്തിയെന്നാണ് ബിജു.കെ.നായർ അപ്പോൾ പൊലീസിനോട്
പറഞ്ഞത്. വീട്ടിൽ അമ്മയും മകനും മാത്രമാണുള്ളത്. ഊരൂട്ടമ്പലത്തെ പച്ചക്കറി
കടയിലെ ജോലിക്കാരനാണ് ബിജു.കെ.നായർ.
ജയയുടെ തലയിലും മുഖത്തും വലത് ചെവിയുടെ ഭാഗത്തും മുറിവുകളുണ്ട്. മൃതദേഹം
പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക്
മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *