കല്ലമ്പലം : മണമ്പൂർ പഞ്ചായത്തിലെ ഒട്ടേറെ പ്രദേശങ്ങൾ കേന്ദ്രമാക്കി അനധികൃത മണ്ണ് കടത്തൽ രഹസ്യമായി നടക്കുന്നതായി ആരോപണം. തടയാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയും കയ്യേറ്റവും. കഴിഞ്ഞ 6ന് ആഴാകോണത്തിന് സമീപത്ത് ദേശീയപാത നിർമാണത്തിന്റെ മറവിൽ മണ്ണ് കടത്തുന്നതായി വില്ലേജിൽ വിവരം ലഭിച്ചു. തുടർന്ന് അന്ന് വില്ലേജ് ഓഫിസറുടെ ചാർജ് നോക്കിയിരുന്ന സാബു അലി സ്ഥലത്തെത്തി. സംഭവം ചോദ്യം ചെയ്തതോടെ മാഫിയ സംഘം ഭീഷണി മുഴക്കുകയും കഴുത്തിന് പിടിച്ച് തള്ളുകയും ചെയ്തു.

അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് തള്ളിയിട്ടു. പൊലീസ് സ്ഥലത്തെത്തി മണ്ണ് കടത്താൻ ഉപയോഗിച്ച വാഹനം കസ്റ്റഡിയിൽ എടുത്തു. ഇക്കാര്യത്തിൽ തുടർ നടപടികൾക്ക് വില്ലേജ് അധികൃതർ നീക്കം തുടങ്ങി പഞ്ചായത്തിലെ പ്രകൃതിദത്തമായ പല കുന്നുകളും അപ്രത്യക്ഷം ആയിട്ടുണ്ട്. കഴിഞ്ഞ വർഷം തെഞ്ചേരിക്കോണത്തിന് സമീപം 5000ത്തോളം ലോഡ് മണ്ണ് കടത്താൻ ശ്രമിച്ചവരെ നാട്ടുകാർ തടഞ്ഞിരുന്നു. മണമ്പൂർ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു കൂടിയാണ് പുതിയ ബൈ പാസ് റോഡ് കടന്നു പോകുന്നത്. ഇതിന്റെ നിർമാണത്തിന്റെ മറവിലാണ് മണ്ണ് കടത്ത് പെരുകുന്നത്. മണ്ണ് മാഫിയ പഞ്ചായത്തിലെ വയലുകൾ വാങ്ങി നികത്താൻ ശ്രമങ്ങൾ നടക്കുന്നതായും പരാതിയുണ്ട്.
