വിഴിഞ്ഞം : രാജ്യാന്തര തുറമുഖത്ത് അടുത്ത ആദ്യ ചരക്കു കപ്പലിൽ നിന്നു കണ്ടെയ്നറുകൾ ഇറക്കുന്നത് പതിയെ. ഇന്നലെ വൈകിട്ട് 4.45 വരെ 42 കണ്ടെയ്നറാണ് ഇറക്കിയത്. ട്രയൽ ആയതിനാലാണ് സാവധാനം കണ്ടെയ്നർ ഇറക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന കണ്ടെയ്നർ ഇറക്കൽ നടപടിയുമായി ട്രെയിലർ ഡ്രൈവർമാർ പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂവെന്നും അടുത്ത ദിവസത്തോടെ വേഗത്തിലാകുമെന്നും അധികൃതർ അറിയിച്ചു. 1950 കണ്ടെയ്നറുകളാണ് ഇറക്കേണ്ടത്. കപ്പലിൽ നിന്ന് ഓരോ കണ്ടെയ്നറുകൾ ഉയർത്തുന്നതിനു മുൻപും ഇവയുടെ കവർ നീക്കുന്ന ദൗത്യം ലാഷേഴ്സ് നിർവഹിച്ചു.

ബെർത്തിൽ സജ്ജമാക്കിയ എട്ടിൽ 4 ഷിപ് ടു ഷോർ ക്രെയിനുകൾ കണ്ടെയ്നറുകൾ ഉയർത്തി ഇന്റർ ട്രാൻസിറ്റ് വെഹിക്കിളുകൾ (ഐടിവി) എന്നറിയുന്ന ട്രെയിലറുകളിലേക്ക് എടുത്തു വച്ചു. ഇവയും വഹിച്ചു ട്രെയിലറുകൾ നിശ്ചിത ട്രാക്കുകളിലൂടെ നീങ്ങി യാഡ് ക്രെയിനുകൾക്ക് അരികിൽ മുൻകൂട്ടി മാർക്കു ചെയ്ത സ്ഥാനത്ത് എത്തിച്ചു.യാർഡ് ക്രെയിൻ ഇവയെ ഉയർത്തി നിശ്ചിത സ്ഥാനത്ത് സജ്ജീകരിച്ചു. ഒന്നിനു പിറകെ ഒന്നായി ട്രെയിലറുകൾ ഇത്തരത്തിൽ ക്രമത്തിൽ കണ്ടെയ്നറുകളുമായി എത്തി. 28 ഐടിവികളിൽ 13 എണ്ണം മാത്രമാണ് വൈകിട്ടു വരെ ഓടിയത്. പിഒബി എന്നറിയുന്ന പോർട് ഓപ്പറേഷൻ മന്ദിരത്തിലെ കൺട്രോൾ റൂമിൽ നിന്നായിരുന്നു നിയന്ത്രണം.
