നെയ്യാറ്റിൻകര ∙ ‘എന്റെ മകനു സംഭവിച്ച ഗതികേട് മറ്റാർക്കും വരരുതേ…..’ മകൻ അഖിലിന്റെ ചിത്രവും കയ്യിലേന്തി പൊട്ടിക്കരയുകയാണു സുനിത. അർബുദ രോഗിയായ തന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ എന്റെ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ മരിച്ചതല്ല, നമ്മുടെ ആരോഗ്യ സംവിധാനങ്ങളിലെ വീഴ്ചകൾ അവനെ കൊലയ്ക്കു കൊടുത്തതാണ്. അല്ലെങ്കിൽ എന്റെ മകനെ ജീവനോ കിട്ടുമായിരുന്നില്ലേ? മരിക്കുന്നതു വരെ അവന് ഈ രോഗം ആണെന്നു കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിയാത്തതെന്തേ?’ സുനിതയുടെ കണ്ണീരിൽ കുതിർന്ന ചോദ്യങ്ങൾ മറുപടി പറയാൻ ആരുമില്ല.
കഴിഞ്ഞ 17 മുതൽ അഖിലിനു പനിയും തലവേദനയും ഉണ്ട്. വെൺപകൽ, നെയ്യാറ്റിൻകര ആശുപത്രികളിൽ കാണിച്ചിട്ടും കുറവില്ല. അഖിൽ 10 വർഷം മുൻപു പത്തനംതിട്ടയിൽ ജോലിക്കു പോയപ്പോൾ കൊക്കയിൽ വീണിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് അഖിലിന്റെ ജീവൻ രക്ഷിച്ചത്. അന്നത്തെ ആഘാതമായിരിക്കുമോ? ഡോക്ടർമാർ സംശയിച്ചപ്പോൾ ഉടൻ തന്നെ സുനിത മകനെയും കൊണ്ടു കോലഞ്ചേരിയിലേക്കു കുതിച്ചു. അവിടെ എല്ലാ പരിശോധനകളും നടത്തി
ഒരു കുഴപ്പവുമില്ല. അവസാനമാണു മസ്തിഷ്ക ജ്വരമാണോയെന്ന സംശയം ഉണ്ടാകുന്നത്. നിത്യച്ചെലവിനു പാടുപെടുന്ന തനിക്കു മകന്റെ ചികിത്സയ്ക്ക് ലക്ഷങ്ങൾ ഇല്ല. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. 20നു പുലർച്ചെ എത്തിയ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും 23നു മരിച്ചു. ‘മരണ വിവരം അറിഞ്ഞ് 24ന് ഈ വീടിനു മുന്നിൽ ആരോഗ്യ പ്രവർത്തകർ വന്നു. അതുവരെ അവർ ഇതൊന്നും അറിഞ്ഞില്ലേ? വന്നവർ തന്നെ സമാധാനിപ്പിച്ച ശേഷം കുളത്തിൽ നിന്നു കന്നാസിൽ വെള്ളവും ശേഖരിച്ചുപോയതാണ്. ഇതാ ഇന്നുവരെ അവർ തിരിഞ്ഞു നോക്കുകയോ എന്താണു രോഗമെന്നു അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്നലെ രാവിലെ 11നു സുനിത പറഞ്ഞു. ഒരാളിന്റെ രോഗം കണ്ടെത്താൻ ഇത്രയും ദിവസം വേണോ ഇവർക്ക്?’
