തിരുവനന്തപുരം ∙ വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ നിന്നു മാറേണ്ടവർക്ക് താൽക്കാലിക വാസത്തിന് ഇങ്ങകലെ തലസ്ഥാന ജില്ലയിലെ മലയിൻകീഴ് പഞ്ചായത്ത് ഒരുക്കിയ ‘ സ്നേഹത്തണൽ ’ പദ്ധതിയിലേക്ക് ആദ്യ കുടുംബമെത്തി . കോഴിക്കോട് മാവൂർ മേച്ചേരിക്കുന്നിൽ അസ്ലാം തിക്കോടിയും ഭാര്യ സലീനയും മകൾ അമ്നയും ആണ് അതിഥികളായത്. മാറി താമസിക്കേണ്ടി വരുന്നവരെ വീടുകളിൽ സംരക്ഷിക്കുന്ന പദ്ധതിയാണ്‘ സ്നേഹത്തണൽ’ . കോവിൽവിള വാർഡിലെ ഷെല്ലി വൈഗയുടെ വീടാണ് അസ്ലാമിന്റെ കുടുംബത്തിനായി തുറന്നു കൊടുത്തത്. ഭക്ഷണവും മറ്റു സൗകര്യവും വീട്ടുകാർ തന്നെ ഉറപ്പാക്കും.
മാവൂർ മേച്ചേരിക്കുന്ന് ഭാഗത്ത് മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മാറി താമസിക്കാൻ സർക്കാർ നിർദേശം ഉണ്ടായിരുന്നു. ഇതിനിടെയാണ് മലയിൻകീഴ് പഞ്ചായത്തിന്റെ പദ്ധതി ഇവർ അറിയുന്നതും തുടർന്ന് കുടുംബം എത്തുന്നതും . മാപ്പിളപ്പാട്ട്, ദഫ്മുട്ട് കലാകാരനും പരിശീലകനുമായ അസ്ലാം കോഴിക്കോട് തിക്കോടി സ്വദേശിയാണ്. ജോലി സംബന്ധമായി ഏറെക്കാലമായി വയനാട്ടിലാണ് കുടുംബ സമേതം താമസം. ഐ.ബി.സതീഷ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എ.വത്സല കുമാരി, വൈസ്പ്രസിഡന്റ് എസ്.സുരേഷ് ബാബു, സെക്രട്ടറി ബിന്ദുരാജ് തുടങ്ങിയവർ കുടുംബത്തെ സ്വീകരിച്ചു.
ബന്ധപ്പെടേണ്ട ഫോൺ 75101 78902
സമൂഹമാധ്യമങ്ങളിൽ പദ്ധതിയെക്കുറിച്ച് ഫോൺ നമ്പർ ഉൾപ്പെടെ അറിയിപ്പ് നൽകിയപ്പോൾ തന്നെ ഒട്ടേറെ പേർ ബന്ധപ്പെടുന്നുണ്ടെന്നും ഇതിനകം 9 വീട്ടുകാർ പദ്ധതിയുടെ ഭാഗമാകാൻ മുന്നോട്ടു വന്നതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഫോൺ 75101 78902
