ഹരികുമാർ ജോലിയ്ക്കൊന്നും പോയിരുന്നില്ല. നാട്ടുകാർക്കും ഹരികുമാറിനെക്കുറിച്ച് കാര്യമായി അറിയില്ല. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകൾ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏർപ്പെടുത്തിയിരുന്നുവെന്നാണ് സൂചന. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സഹോദരിയെ ഇഷ്ടമായിരുന്നെങ്കിലും കുട്ടികളെ ഇഷ്ടമല്ലാതിരുന്നതിന്റെ കാരണം തേടുകയാണ് പൊലീസ്. ആദ്യം സഹോദരനെ രക്ഷിക്കുന്ന മൊഴികളാണ് ശ്രീതുവിൽ നിന്നുണ്ടായതെന്നതിനാൽ പൊലീസ് ശ്രീതുവിനെയും സംശയിച്ചു. ഹരികുമാറിനെ ചുറ്റിപ്പറ്റിയുള്ള ചുരുളഴിയാൻ ബാക്കിവിവരങ്ങൾ കൂടി വേണം പൊലീസിന്. അതിനായി ഇരുവരെയും ഇനിയും ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ പറഞ്ഞു.
കൂടുതൽ അന്വേഷണം
ബാലരാമപുരം : ഭർത്താവ് ശ്രീജിത്തുമായി പിണങ്ങിയാണ് ശ്രീതു മക്കളെയും കൂട്ടി മാതാപിതാക്കൾക്കും സഹോദരനുമൊപ്പം താമസം തുടങ്ങിയത്. അമരവിളയിലെ സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന ശ്രീജിത്ത് മക്കളെ കാണാൻ ഇടയ്ക്ക് ഈ വീട്ടിലെത്തുമായിരുന്നു. ശ്രീതുവിന്റെ അച്ഛന്റ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിലെത്തിയിരുന്ന ശ്രീജിത്ത് ദേവേന്ദു കൊല്ലപ്പെട്ടതിന്റെ തലേന്ന് ഇവിടെയാണ് കിടന്നത്. ഒരാഴ്ച മുൻപ് അടിയന്തിര ചടങ്ങിനെത്തിയ ബന്ധുക്കൾ ചേർന്ന് ശ്രീതുവിനെയും ശ്രീജിത്തിനെയും ഒന്നിപ്പിക്കാൻ മധ്യസ്ഥ ചർച്ച നടത്തിയെങ്കിലും ശ്രീജിത്തിനൊപ്പം പോകില്ലെന്നു ശ്രീതു വാശിപിടിച്ചുവെന്ന് അയൽക്കാർ പറയുന്നു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ് ശ്രീജിത്ത്. ശ്രീജിത്ത് വീട്ടിലുള്ള ദിവസം തന്നെ ഹരികുമാർ ദേവേന്ദുവിനെ കൊലപ്പെടുത്തിയത് എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തോടെയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇളയ കുഞ്ഞ് ജനിച്ചതിനു ശേഷമാണ് കുടുംബത്തിന് കടബാധ്യത വന്നുചേർന്നതെന്ന് ഹരികുമാർ വിശ്വസിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം കസ്റ്റഡിയിലെടുത്ത 4 പേരിൽ കുട്ടിയുടെ അമ്മൂമ്മ ശ്രീകലയെയും അച്ഛൻ ശ്രീജിത്തിനെയുമാണ് ആദ്യം വിട്ടയച്ചത്. കുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വിട്ടയയ്ക്കുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന ഹരികുമാറിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തും.
