ഷർട്ടൂരി കഴുത്തിൽ കുരുക്കി, ഹോക്കി സ്റ്റിക്കും സ്റ്റംപും കൊണ്ടടിച്ചു; കാര്യവട്ടം റാഗിങ്ങിൽ വെളിപ്പെടുത്തൽ
കാര്യവട്ടം ഗവ. കോളജിലെ വിദ്യാർഥിയായ തന്റെ മകനെതിരെ നടന്ന റാഗിങ്ങിൽ സീനിയർ വിദ്യാർഥികൾക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്ന് ബിൻസ് ജോസിന്റെ പിതാവ് ജോസ്. റാഗിങ്ങിനു ശേഷം മകൻ ശാരീരികമായും മാനസികമായും തകർന്നെന്നും അദ്ദേഹം പറഞ്ഞു. വട്ടപ്പാറ വേങ്ങോട് സ്വദേശിയായ ജോസ് ദീർഘകാലം പ്രവാസി ആയിരുന്ന ശേഷം അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.
‘‘അധ്യാപകന്റെ നിർദേശ പ്രകാരമാണ് മകനും കൂട്ടുകാരും ബാഡ്മിന്റൺ പ്രാക്ടീസ് ചെയ്യാനായി ഗ്രൗണ്ടിലേക്ക് പോയത്. ഈ സമയത്ത് സീനിയർ വിദ്യാർഥികൾ ഗ്രൗണ്ടിൽ നിന്ന് കയറി പോകാൻ പറഞ്ഞു. അധ്യാപകർ പറഞ്ഞിട്ടാണെന്ന് പറഞ്ഞിട്ടും അവർക്കു മനസിലായില്ല. ഇവരെ പിടിച്ചുതള്ളുകയായിരുന്നു. മകന്റെ കൂട്ടുകാരനായ അഭിഷേകിനാണ് ആദ്യം അടി കിട്ടിയത്. അവന്റെ നട്ടെല്ലിനായിരുന്നു മർദ്ദനമേറ്റത്. അവൻ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ഓടിപ്പോയി. പക്ഷെ എന്റെ മകനെ ഇവർ വട്ടമിട്ട് പിടിച്ചു. നേരെ അവരുടെ ഇടിമുറിയിലേക്കാണ് മകനെ കൊണ്ടുപോയത്. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് സ്റ്റംപും ഉപയോഗിച്ചാണ് മകനെ മർദ്ദിച്ചത്. അവന്റെ തലയിലും നെഞ്ചിലും മുതുകിലുമെല്ലാം അടിച്ചു.
വീട്ടിൽ വന്നിട്ടും പേടിച്ച് മകൻ ഒന്നും പറഞ്ഞില്ല. ഡോക്ടറോടാണ് എല്ലാ കാര്യങ്ങളും അവൻ പറഞ്ഞത്. മാനസികമായി അവൻ ഓക്കെയായിട്ടില്ല. കൗൺസിലിങ്ങിനു കൊണ്ടുപോകണമെന്നാണ് പ്രിൻസിപ്പലും ടീച്ചറും പറഞ്ഞത്. അവനാകെ പേടിച്ചിരിക്കുകയാണ് നല്ല തലവേദനയുണ്ട്. പല്ലിനും വേദനയുണ്ട്. ശരീരത്തിന്റെ ഒരു ഭാഗമാകെ വേദനയെന്നാണ് പറയുന്നത്.വളരെ പ്രതീക്ഷയോടെയാണ് അവനെ പഠിക്കാൻ വിട്ടത്. മോനെ കൊല്ലാക്കൊല ചെയ്തിട്ട് നോക്കിയിരിക്കാനാകില്ലെന്നും ജോസ് പറഞ്ഞു.
